മീനാക്ഷിക്കുട്ടി എന്നു പറഞ്ഞാല്‍ മലയാളികള്‍ക്ക് ഒരുപക്ഷേ ആളെ പെട്ടെന്ന് മനസ്സിലായെന്നുവരില്ല. എന്നാല്‍, പാത്തുക്കുട്ടി എന്ന പേരു കേട്ടാല്‍ ഇതാരെന്ന് മനസ്സിലാകാതിരിക്കില്ല. രണ്ടു വര്‍ഷം മുമ്പ് അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിന്റെ മുറ്റത്തെ മുല്ലയായിമാറി പാത്തുക്കുട്ടി. പിന്നീട് ഒപ്പത്തില്‍ ലാലേട്ടനൊപ്പം ഒരു മിന്നാമിന്നിയായി മിന്നിത്തിളങ്ങി. ജമുനാ പ്യാരി, കോലുമിട്ടായി.. മീനാക്ഷിക്കുട്ടി വേഷമിട്ട ചിത്രങ്ങളേറെ. മലയാളത്തിലും അന്യഭാഷകളിലുമൊക്കെയായി കൈനിറയെ ചിത്രങ്ങളാണ് മീനാക്ഷി. തിരക്കിനിടെ തന്റെ വിശേഷങ്ങള്‍ മാതൃഭൂമി. കോമുമായി പങ്കുവെക്കുകയാണ് കുഞ്ഞുതാരം.

മൂന്ന് ഭാഷകള്‍, ഇഷ്ടംപോലെ സിനിമകള്‍

ഒരേസമയം മലയാളത്തിലും തമിഴിലും കന്നഡയിലും സിനിമ ചെയ്യുന്നുണ്ട് മീനാക്ഷി. സഖറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രമാണ് ഒടുവില്‍ റിലീസായത് ചിത്രം. സിനിമാത്തിരക്കിനെ കുറിച്ച് മീനാക്ഷി തന്നെ പറയുന്നു: മോഹന്‍ലാല്‍, സദൃശ്യവാക്യം, മീസാന്‍, ക്യൂന്‍ എന്നിവയാണ് മലയാളത്തില്‍ വരാനുള്ള ചിത്രങ്ങള്‍. 'ഒപ്പം' സിനിമയുടെ കന്നഡ റീമെയ്ക്ക് ശിവരാജ്കുമാര്‍ അങ്കിളിന്റെ കൂടെ ചെയ്യുന്നുണ്ട്. തമിഴില്‍ ഒരു ഹൊറര്‍ മൂവിയും നടക്കുന്നുണ്ട്. ഇതെല്ലാം ക്രിസ്മസോടെ റിലീസാകും. 

സഖറിയപോത്തനെ കുറിച്ച്

സഖറിയപോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലെ ക്യാരക്ടറിനെ കുറിച്ച് ഞാന്‍ ഒന്നും പറയത്തില്ല. ഒരു സസ്‌പെന്‍സ് ക്യാരക്ടറാണ് എന്റേത്. അത് തിയേറ്ററില്‍ കണ്ടുതന്നെ മനസ്സിലാക്കണം. ചിത്രം ഡയറക്ട് ചെയ്തിരിക്കുന്നത് ഉല്ലാസേട്ടനാണ് (ഉല്ലാസ് ഉണ്ണിക്കൃഷ്ണന്‍). ചേട്ടന്റെ ഫസ്റ്റ് മൂവിയാണ്. പക്ഷേ ഡയറക്ട് ചെയ്യുമ്പോ നമുക്കങ്ങനെയേ തോന്നത്തില്ല. വളരെ പ്രൊഫഷണല്‍ ആളാണ്. ക്യാരക്ടറിനെ കുറിച്ച് വളരെ ഡീപ്പായിട്ട് പറഞ്ഞുതരും. നന്നായിട്ട് ആ ക്യാരക്ടര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. അത് കണ്ട് അഭിപ്രായം പറയേണ്ടത് പ്രേക്ഷകരാണ്.

പഠനത്തിലും എ പ്ലസ്

സിനിമാത്തിരക്കുകള്‍ക്കിടയില്‍ പഠനം അവതാളത്തിലാക്കാന്‍ മീനാക്ഷി തയാറല്ല. നഷ്ടപ്പെടുന്ന ക്ലാസുകളിലെ പാഠങ്ങള്‍ക്കായി വീട്ടില്‍ സ്‌പെഷ്യല്‍ കോച്ചിങ് ഉണ്ടെന്ന് മീനാക്ഷി പറയുന്നു. പുറത്തുനിന്നൊരു ടീച്ചര്‍ വന്ന് എന്നെ പഠിപ്പിക്കും. അതുകൊണ്ട് ക്ലാസുകള്‍ നന്നായിട്ട് മെയിന്റയിന്‍ ചെയ്ത് പോകാന്‍ പറ്റുന്നുണ്ട്. എക്‌സാം കഴിഞ്ഞപ്പോള്‍ നല്ല മാര്‍ക്കുണ്ടായിരുന്നു. ഫുള്‍ എ പ്ലസ് ഉണ്ട്. അഭിനയത്തോടൊപ്പം പഠനവും കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. അതിന് എന്നെ വീട്ടില്‍ വന്ന് പഠിപ്പിക്കുന്ന ടീച്ചറിനോട് ഒരു ബിഗ് താങ്ക്‌സ് പറയുന്നു. കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് ഞാന്‍ പഠിക്കുന്നത്. സ്‌കൂളില്‍ നിന്നും നല്ല പിന്തുണയാണുള്ളത്.

പഠനവും അഭിനയവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് മീനാക്ഷിയുടെ ആഗ്രഹം. ഭാവിയില്‍ ഒരു ഡോക്ടറാകണം. അഭിനയത്തെയും ഒപ്പം കൂട്ടണം. അത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മീനാക്ഷി പറഞ്ഞുനിര്‍ത്തി.

Content HIghlights: Baby Meenakshi, Baby Meenakshi Interview