26 വർഷത്തിന് ശേഷം വിക്രമിനൊപ്പം ഒരു ചിത്രത്തിൽ വേഷമിടാൻ സാധിച്ച സന്തോഷം പങ്കുവച്ച്  ബാബു ആന്റണി. മണിരത്നം സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് മൾട്ടിസ്റ്റാർ ചിത്രം പൊന്നിയിൻ സെൽവനിലാണ് വിക്രമിനൊപ്പം ബാബു ആന്റണി അഭിനയിക്കുന്നത്. അനിൽ ബാബുവിന്റെ സംവിധാനത്തിൽ 1995ൽ പുറത്തിറങ്ങിയ മലയാളചിത്രം 'സ്ട്രീറ്റി'ലാണ് ഇരുവരും ഇതിനുമുൻപ് ഒരുമിച്ച് അഭിനയിച്ചത്.

"വിക്രമിനൊപ്പം വീണ്ടും അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം. സ്ട്രീറ്റ് എന്ന സിനിമയിലാണ് ഞങ്ങൾ ഇതിന് മുൻപ് ഒരുമിച്ച് അഭിനയിച്ചത്. കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമുകളിൽ ആയിരുന്നതിനാൽ ലൊക്കേഷനിൽ ഞങ്ങൾക്ക് ചിത്രങ്ങൾ എടുക്കാൻ കഴിയില്ല. പക്ഷേ ഒരുമിച്ച് ഒരു ചിത്രം എടുക്കേണ്ട കാര്യം പറഞ്ഞപ്പോൾ അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു. ഒരുപാട് ഓർമ്മകൾ ഞങ്ങൾ പങ്കുവച്ചു. എൻറെ മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. അദ്ദേഹം വിനയവും മര്യാദയുമുള്ള ആ പഴയ വിക്രം തന്നെ", വിക്രമിനൊപ്പമുള്ള ചിത്രത്തിനൊപ്പം ബാബു ആൻറണി സോഷ്യൽ മീഡിയയിൽ കുറിച്ചു.

കൽകി കൃഷ്‍ണമൂർത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ കൃതി. വിക്രമിന് പുറമേ ഐശ്വര്യ റായ്, ജയംരവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുക. 

സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വർമനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ.  മണിരത്നവും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.

Content Highlights : Babu Antony Shares his joy to work with vikram after 26 years in Ponniyin Selvan