ബബിൽ ഖാൻ, ഇർഫാൻ ഖാൻ | ഫോട്ടോ: എ.എഫ്.പി
അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ ജന്മവാർഷികദിനമാണ് കടന്നുപോയത്. ഈയവസരത്തിൽ പിതാവിന്റെ വിയോഗം താൻ എങ്ങനെയാണ് നേരിട്ടതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മകനായ ബബിൽ ഖാൻ. സ്വന്തം മുറിയിൽ 45 ദിവസമാണ് അടച്ചിരുന്നതെന്ന് ബബിൽ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പിതാവിന്റെ വിയോഗം ആദ്യ ദിനങ്ങളിൽ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ബബിൽ പറഞ്ഞു. ഒരാഴ്ച്ചയിലധികം സമയമെടുത്താണ് ആ സത്യം മനസിലാക്കിയത്. ഞാൻ വലിയൊരു ചുഴിയിലേക്ക് വീണുപോയത് പോലെയാണ് തോന്നിയത്. ഏകദേശം ഒന്നര മാസത്തോളം ഒരു മുറിയിൽ അടച്ചിരുന്നു. കൃത്യമായി പറഞ്ഞാൽ 45 ദിവസം. ബബിൽ പറഞ്ഞു.
"പിതാവിന് ദീർഘകാലം ഷൂട്ടിങ്ങിനായി വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്നു. അങ്ങനെയൊരു ഷൂട്ടിങ്ങിനാണ് അദ്ദേഹം പോയതെന്നും പഴയപോലെ ജോലിയൊക്കെ തീർത്ത് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും ഞാൻ വിശ്വസിച്ചു. എന്നാൽ ഇത്തവണത്തെ ഷൂട്ടിംഗ് അവസാനിക്കാത്തതാണെന്ന് പതുക്കെ ഞാൻ മനസിലാക്കി, അദ്ദേഹമിനി ഒരിക്കലും തിരിച്ചുവരില്ല. 'ബാബ' ഒപ്പമില്ലാതെ ഇനി ജീവിച്ചു തുടങ്ങണം." ബബിൽ പറഞ്ഞു.
തനിക്ക് ഏറ്റവും അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നും വാക്കുകൾ കൊണ്ട് പറഞ്ഞ് പൂർത്തിയാകാനാകാത്ത നഷ്ടമാണതെന്നും ബബിൽ ഖാൻ കൂട്ടിച്ചേർത്തു. 2020-ലാണ് അർബുദ ബാധിതനായി ഇർഫാൻ ഖാന്റെ മരണം. 2018-ലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അംഗ്രേസി മ്യൂസിയമാണ് ഇർഫാന്റേതായി ഒടുവിലിറങ്ങിയ ചിത്രം.
ഖല എന്ന ചിത്രത്തിലൂടെ ബബിൽ ഈയിടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ദ റെയിൽവേ മെൻ എന്ന വെബ്സീരീസാണ് ബബിലിന്റേതായി വരാനിരിക്കുന്ന പ്രോജക്റ്റ്. കെ.കെ മേനോനും മാധവനുമാണ് ഈ സീരീസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: babil khan new interview, babil khan about his father irrfan khan and his demise
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..