ഹൈദരാബാദ്: തിയേറ്ററുകളില്‍ തകര്‍ത്തോടുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ജാതിക്കുരുക്ക്. സിനിമയില്‍ തങ്ങളുടെ ജാതിയെ അധിക്ഷേപിക്കുന്ന സംഭാഷണമുണ്ടെന്ന് കാണിച്ച് സംവിധായകന്‍ എസ്.എസ്. രാജമൗലിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് കടിക സമദായാംഗങ്ങളുടെ സംഘടനയായ തെലങ്കാനയിലെ അരേക്കടിക പോരാട്ട സമിതി.

കടിക ചീകട്ടി എന്ന സത്യരാജ് അവതരിപ്പിച്ച കട്ടപ്പയുടെ ഡയലോഗാണ് സംഘടനയെ പ്രകോപിപ്പിച്ചത്. ഈ ഡയലോഗ് തങ്ങളുടെ ജാതിയെ അധിക്ഷേപിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. ഇറച്ചിവെട്ടും വില്‍പനയും ഞങ്ങളുടെ കുലത്തൊഴിലാണ്. അത് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നതാണ്. സിനിമയില്‍ കാണിക്കുന്നപോലെ ഞങ്ങള്‍ മനുഷ്യത്വമില്ലാത്തവരോ സാമൂഹ്യവിരുദ്ധരോ ഒന്നുമല്ല- പോലീസില്‍ നല്‍കിയ പരാതിയില്‍ സംഘടന പറഞ്ഞു. സിനിമകളില്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നത് കാരണം ഞങ്ങളുടെ കുട്ടികള്‍ക്ക് സാമൂഹികമായ ഭ്രഷ്ട് അനുഭവിക്കേണ്ടിവരെ വരുന്നു. സെന്‍സര്‍ ബോര്‍ഡ് അടിയന്തിരമായി ഈ രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കണം-പരാതിയില്‍ ആവശ്യപ്പെട്ടു.