രമ്യ കൃഷ്ണന്റെ കരിയറിലെ ഏറ്റവും മികവുറ്റ വേഷം ഏതാണെന്ന് ചോദിച്ചാല്‍ ബാഹുബലിയിലെ ശിവകാമി എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. രണ്ട് ഭാഗങ്ങളിലുമായി മഹിഷ്മതിയിലെ കരുത്തുറ്റ രാജ്ഞിയായി അസൂയാവഹമായ പ്രകടനമാണ് രമ്യ കാഴ്ചവച്ചത്.
എന്നാല്‍, ശിവകാമിയുടെ വേഷത്തിന് സംവിധായകന്‍ രാജമൗലി മനസ്സില്‍ കണ്ടത് ആദ്യം രമ്യ കൃഷ്ണനെ ആയിരുന്നില്ല. ശിവകാമി എന്ന ചിത്രത്തിലെ ഏറ്റവും കരുത്തുറ്റ വനിതാ കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിക്കാന്‍ രാജമൗലി ആദ്യം സമീപിച്ചത് ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയും ബോളിവുഡും ഒരുപോലെ അടക്കിവാണ ശ്രീദേവിയെയായിരുന്നു. പ്രതിഫലക്കാര്യത്തിലുള്ള ശ്രീദേവിയുടെ കടുത്തപിടിത്തമാണ് രമ്യ കൃഷ്ണന് കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രത്തിലേയ്ക്ക്, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റിലേയ്ക്കുള്ള വഴിയൊരുക്കിയത്.
ശിവകാമിയുടെ വേഷത്തിന് ആറ് കോടി രൂപയാണ് ശ്രീദേവി പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് നല്‍കാന്‍ നിര്‍മാതാവോ സംവിധായകനോ ഒരുക്കമായിരുന്നില്ല. ശ്രീദേവിയെ ഉപേക്ഷിച്ചതോടെയാണ് അണിയറ പ്രവര്‍ത്തകര്‍ രമ്യ കൃഷ്ണനെ സമീപിക്കുന്നത്. രമ്യയ്ക്ക് ഈ വേഷം സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. രണ്ടര കോടി രൂപയാണ് ഈ വേഷത്തിന് രമ്യ പ്രതിഫലം വാങ്ങിയത്.
ശ്രീദേവിയായിരുന്നെങ്കില്‍ ശിവകാമിയുടെ വേഷം ഒന്നുകൂടി ഗംഭീരമാവുമെന്ന് അണിയറയില്‍ ചിലരെങ്കിലും കരുതിയിരുന്നെങ്കിലും ചിത്രം വെള്ളിത്തിരയില്‍ എത്തിയതോടെ ആശങ്കകളത്രയും മാറി. അണിയറപ്രവര്‍ത്തകര്‍ മനസ്സില്‍ കണ്ടതില്‍ അപ്പുറമായിരുന്നു ശിവകാമിയായുള്ള രമ്യയുടെ പ്രകടനം. ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ ബാഹുബലിക്കും പല്‍വാള്‍ദേവനും ദേവസേനയ്ക്കുമൊപ്പം തന്നെ അവശേഷിക്കുന്നുണ്ട് രമ്യ അനശ്വരമാക്കിയ ശിവകാമിയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..