ണ്ണമറ്റ ഹിറ്റുകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ചയാളാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. ആ രജനിയെയും ഞെട്ടിച്ചിരിക്കുയാണ് എസ്.എസ്. രാജമൗലിയുടെ   ബാഹുബലിയുടെ രണ്ടാം ഭാഗം.

സിനിമ കണ്ട് അതിനെ പ്രശംസ കൊണ്ട് മൂടാനും മറന്നില്ല രജനി. ബാഹുബലി 2 ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ്. ദൈവത്തിന്റെ സ്വന്തം മകനായ രാജമൗലിക്കും സംഘത്തിനും എന്റെ അഭിനന്ദനം-രജനി പറഞ്ഞു.

രജനിയുടെ വാക്കുകള്‍ ആവേശഭരിനാക്കിയിരിക്കുകയാണ് സംവിധായകന്‍ എസ്.എസ്. രാജമൗലിയെ. തലൈവാ..... ദൈവം നേരിട്ടുവന്ന് അനുഗ്രഹിച്ച അനുഭവമാണ്. ഇതിലും വലുതായി മറ്റൊന്നുമില്ല.-രാജമൗലി പറഞ്ഞു.

ചിത്രത്തില്‍ പല്‍വാള്‍ ദേവനെ അവതരിപ്പിച്ച റാണ ദഗ്ഗുബട്ടിയും രജനിയോട് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും ഇറങ്ങിയ ബാഹുബലി വന്‍ തരംഗമാണ് ബോക്‌സ്ഓഫീസില്‍ ഉണ്ടാക്കുന്നത്. റിലീസ് ദിവസം തന്നെ നൂറ് കോടി രൂപയാണ്  ചിത്രം കളക്ട് ചെയ്തത്. പ്രേക്ഷകരുടെയും സെലിബ്രിറ്റികളുടെയും മുക്തകണ്ഠ പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയാണ് ചിത്രം മുന്നേറുന്നത്.

യെന്തിരന്റെ രണ്ടാം ഭാഗമായ 2.0  ആണ് ബോക്‌സ്ഓഫീസ് കാത്തിരിക്കുന്ന അടുത്ത രജനി പടം. അക്ഷയ്കുമാറാണ് ചിത്രത്തില്‍ വില്ലനാവുന്നത്.