തിയേറ്ററില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് ബാഹുബലി മുന്നേറുമ്പോള്‍ വേഷങ്ങളും ചുമതലകളുമോരോന്നായി അഴിച്ചുവച്ച് അരങ്ങൊഴിയുകയാണ് അണിയറക്കാര്‍. ഇനിയൊരു ബാഹുബലിയില്ലെന്ന് പറഞ്ഞുകഴിഞ്ഞു സംവിധായകന്‍ എസ്.എസ്. രാജമൗലി. എല്ലാവരോടും നന്ദി പറഞ്ഞ് മടങ്ങുകയാണ് നായകന്‍ പ്രഭാസും. ഒരൊറ്റ വേഷം കൊണ്ട് ഇന്ത്യന്‍ ചലച്ചിത്രചരിത്രത്തില്‍ ഇതിഹാസമായി മാറിയ ആള്‍. സംവിധായകനും ആരാധകര്‍ക്കുമെല്ലാം ഹൃദയത്തില്‍ തൊട്ടെഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ നന്ദി പറഞ്ഞിരിക്കുകയാണ് പ്രഭാസ്.

ആരാധകരെ... എന്നില്‍ ചൊരിഞ്ഞ ഈ സ്‌നേഹത്തിന് വലിയൊരു ആലിംഗനം തിരിച്ചുതരികയാണ് ഞാന്‍. എന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നും പുറത്തുനിന്നും നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നു. ഇത് എനിക്ക് പകര്‍ന്നുതരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ബാഹുബലിയുടെ ഈ ദീര്‍ഘയാത്രയില്‍ എന്നില്‍ അവശേഷിക്കുന്നത് നിങ്ങള്‍ നല്‍കുന്ന ഈ സ്‌നേഹമാണ്. ഈ സ്‌നേഹം ഞാന്‍ നിങ്ങള്‍ക്ക് തിരിച്ചുതരട്ടെ. രാജമൗലി സാറിനോടും എനിക്ക് പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്. അദ്ദേഹത്തിന്റെ വലിയൊരു സ്വപ്‌നം സാക്ഷാത്കരിക്കാനായി എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ബാഹുബലി എന്ന കഥാപാത്രത്തെ വച്ചുനീട്ടിയതിന്. എന്റെ ഈ യാത്ര സവിശേഷതകള്‍ നിറഞ്ഞതാക്കിയതിന്-പ്രഭാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.