ബാഹുബലിയില്‍ ആരെയും കൊതിപ്പിക്കുന്ന ജോഡിയായിരുന്നു പ്രഭാസും അനുഷ്‌ക്കയും. ബാഹുബലിയും ദേവസേനയുമായി തകര്‍ത്തഭിനയിച്ച ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്ത പരക്കുക വരെ ചെയ്തു. ബാഹുബലിക്കുശേഷം ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്. സുജീത് സംവിധാനം ചെയ്യുന്ന സാഹൊ ആണ് ചിത്രം.

ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങുന്നതിന് മുന്‍പ് തന്നെ സാഹോയുടെ ടീസര്‍ പുറത്തിറക്കിയിരുന്നു. തെലുങ്കിലും ഹിന്ദിയിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ബാഹുബലിയുടെ സെറ്റ് ഗംഭീരമാക്കിയ സാബു സിറിലാണ്.

എന്നാല്‍, ചിത്രത്തിലെ നായിക ആരാണെന്ന വിവരം മാത്രം അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ ഈ രഹസ്യവും പുറത്തായിരിക്കുകയാണ്. അനുഷ്‌ക്കയാണ് ചിത്രത്തിലെ നായികയെന്ന് ഡി.എന്‍.എ. റിപ്പോര്‍ട്ട് ചെയ്തു. ബില്ല, മിര്‍ച്ചി തുടങ്ങിയ ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.