ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ വ്യാജന്‍ ചോര്‍ത്തിയത് ബിഹാറിലെ ഒരു തിയേറ്ററില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചു.

ബിഹാറിലെ ബെഗുസരായിയിലെ വീണ സിനിമാ ഹാള്‍ എന്ന തിയേറ്ററില്‍ നിന്ന് ചോര്‍ത്തി തയ്യാറാക്കിയ വ്യാജ പതിപ്പ് കാണിച്ചാണ് ഒരു സംഘം നിര്‍മാതാക്കളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമ ദിവാകര്‍ കുമാര്‍ ഉള്‍പ്പടെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ സിനിമാ മാഫിയയിലെ അംഗങ്ങളായ ആറു പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹി സ്വദേശികളായ രാഹുല്‍ മേത്ത, ജിതേന്ദര്‍ കുമാര്‍ മേത്ത, തൗഫിഖ്, മുഹമ്മദ് അലി, ബിഹാര്‍ സ്വദേശിയായ ചന്ദന്‍ എന്നിവരാണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശിയായ മോനു എന്നയാള്‍ ഒളിവിലാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൈദരാബാദില്‍ എത്തിയപ്പോഴാണ് രാഹുല്‍ മേത്ത അറസ്റ്റിലായത്.

നിമാതാക്കളുടെ ആവശ്യാര്‍ഥം രാഹുല്‍ മേത്തയാണ് വ്യാജ പതിപ്പിന്റെ ഒരു സാമ്പിള്‍ നല്‍കിയത്. ഇത് വച്ച് നടത്തിയ പരിശോധനയിലാണ് അത് പകര്‍ത്തിയത് ബിഹാറിലെ തിയേറ്ററില്‍ നിന്നാണെന്ന് വ്യക്തമായത്. 

ബാഹുബലിയുടെ ഒന്നാം ഭാഗം ചോര്‍ത്തി പ്രചരിപ്പിച്ചതിന് 2015 ല്‍ അറസ്റ്റിലായവരാണ് ജിതേന്ദറും തൗഫീഖും.