bahubaliകൊച്ചി: 'പേരിന് സ്‌റ്റൈല്‍ പോരെന്നാ'യിരുന്നു ഇതുവരെ അവന്റെ സങ്കടം. ഇത് രണ്ടുവര്‍ഷം മുന്‍പത്തെ കഥയാണേ.... ഇപ്പോള്‍ സ്ഥിതി മാറി. ആരും ചോദിച്ചില്ലെങ്കിലും കക്ഷി ചാടിക്കയറി പരിചയപ്പെടുത്തും. - 'എന്റെ പേര് ബാഹുബലി'.

ഇത് കെ.ജെ. ബാഹുബലി. വിളിപ്പേര് ബാഹു. കടവന്ത്ര കെ.പി. വള്ളോന്‍ റോഡ് പരിമണത്ത് വീട്ടില്‍ കെ.എം. ജയരാജിന്റെയും സാരാഭായിയുടെയും മകന്‍. വയസ്സ് ഒന്‍പത്. ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിറിലെ അഞ്ചാം ക്ലാസുകാരന്‍.

രാജമൗലിയുടെ 'ബാഹുബലി' സിനിമ സൂപ്പര്‍ സ്റ്റാറാക്കിയത് പ്രഭാസിനെ മാത്രമല്ലെന്നാണ് കൊച്ചുബാഹുവിന്റെ അച്ഛന്റെ പക്ഷം. സിനിമ പുറത്തിറങ്ങിയതോടെ ബാഹു കൂട്ടുകാര്‍ക്കിടയിലും സ്‌കൂളിലുമൊക്കെ താരമായി. കഴിഞ്ഞ പിറന്നാളാഘോഷങ്ങള്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം.

ഒക്ടോബര്‍ 15നാണ് ബാഹുവിന്റെ പിറന്നാള്‍. പതിവ് 'ഹാപ്പി ബെര്‍ത്ത്‌ഡേ' ആശംസയായിരുന്നില്ല സ്‌കൂളിലെ കൂട്ടുകാര്‍ ബാഹുവിനായി കരുതിവച്ചിരുന്നത്. സ്‌കൂള്‍ അസംബ്ലി പിറന്നാളുകാരനെ സ്വാഗതംചെയ്തത് 'ജയ് ബാഹുബലി' വിളികളോടെയാണ്.

'എങ്ങനെയാ ഈ പേര് കിട്ടിയതെന്നാ എല്ലാവര്‍ക്കും അറിയേണ്ടത്. ആദ്യം എനിക്കീ പേര് ഇഷ്ടല്ലായിരുന്നു. ഇപ്പോള്‍ അച്ഛന് കുറെ താങ്ക്‌സുണ്ട്, ഇത്ര സൂപ്പര്‍ പേരിട്ടതിന്' - ബാഹുവിന്റെ വാക്കുകള്‍.

വ്യത്യസ്തമായ പേരിനുള്ള അന്വേഷണമാണ് ബാഹുബലിയിലേക്ക് എത്തിച്ചതെന്ന് ജയരാജ് പറയുന്നു. മൂത്തമകന് വിശ്വാമിത്ര എന്നാണ് പേരിട്ടത്. നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്ത പേരുതന്നെ രണ്ടാമത്തെയാള്‍ക്കും വേണമെന്നുണ്ടായിരുന്നു. ജൈനമതവുമായി ബന്ധപ്പെട്ട കുറിപ്പുകളിലാണ് ബാഹുബലി എന്ന പേര് കണ്ടത്.

വീട്ടിലും എതിര്‍പ്പ് രൂക്ഷമായിരുന്നു. പലരും നെറ്റിചുളിച്ചു. തിരിച്ചറിവായപ്പോള്‍ കുഞ്ഞുബാഹുവും പ്രതിഷേധം തുടങ്ങി. 2015ല്‍ 'ബാഹുബലി' തീയേറ്ററുകളിലെത്തിയതോടെ കഥ മാറി. സിനിമ പുറത്തിറങ്ങിയ ശേഷമാണോ പേരിട്ടതെന്ന് ഇപ്പോള്‍ ചിലരൊക്ക ചോദിക്കാറുണ്ടെന്ന് ജയരാജ് പറയുന്നു.

പ്രഭാസിനെ നേരില്‍ കാണണമെന്നതാണ് ബാഹുവിന്റെ വലിയ ആഗ്രഹം.