പെണ്ണിനെ തൊട്ടവന്റെ കൈയല്ല, തലയാണ് വെട്ടേണ്ടതെന്ന് ദേവസേനയോട് പറഞ്ഞത് ഭര്‍ത്താവ് അമരേന്ദ്ര ബാഹുബലിയാണ്. സിനിമയിലെ ബാഹുബലിയുടെ ഈ ആജ്ഞ, ജീവിതത്തില്‍ ഒരാള്‍ പകര്‍ത്തി. അതും ബാഹുബലിയിലെ തന്നെ ഒരു താരം. ബാഹുബലിയുടെ ഒന്നാം ഭാഗത്തിലെ മനോഹരീ എന്ന ഗാനത്തില്‍ നായകന്‍ പ്രഭാസിനൊപ്പം നൃത്തം ചെയ്ത സ്‌കാര്‍ലെറ്റ് വില്‍സനാണ് കഥയിലെ നായിക.

ഭാഗ്യത്തിന് സ്‌കാര്‍ലെറ്റ് ദേഹത്ത് കൈവച്ചവന്റെ തല വെട്ടിയില്ല. ഐറ്റം ഡാന്‍സിനിടെ പിറകിലൂടെ തന്റെ മുടിയില്‍ കൈവച്ച നര്‍ത്തകന്റെ ചെകിട്ടത്തൊന്ന് പൊട്ടിക്കുകയാണ് സ്‌കാര്‍ലെറ്റ് ചെയ്ത്. ശരിക്കും കണ്ണില്‍ നിന്ന് പൊന്നീച്ച പറക്കുന്ന അടി.

ഹന്‍സ ഏക് സന്‍യോഗ് എന്ന ഹിന്ദി ചിത്രത്തിലെ ഒരു ഐറ്റം ഡാന്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് സ്‌കാര്‍ലെറ്റിന്റെ കൈയിന്റെ ചൂട് ഒപ്പം നൃത്തം ചെയ്ത ഉമാകാന്ത് റായി അറിഞ്ഞത്. നൃത്തത്തിനിടെ ഉമാകാന്ത് തന്റെ മുടിയില്‍ തൊട്ടതാണ് സ്‌കാര്‍ലെറ്റിന്റെ പ്രകോപിപ്പിച്ചത്. ഒട്ടും വൈകിയില്ല. കൈ തട്ടിമാറ്റിയശേഷം തിരിഞ്ഞുനിന്ന് പിറകില്‍ നിന്ന് ഉമാകാന്തിന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു. അടികിട്ടി ഉമാകാന്തും സഹനര്‍ത്തകികളും ശരിക്കും ഞെട്ടിപ്പോയി. ഉടനെ അണിയറപ്രവര്‍ത്തകരെത്തി ഇയാളെ സെറ്റില്‍ നിന്ന് പിടിച്ചുകൊണ്ടുപോവുകയും ചെയ്തു.

സ്കാർലെറ്റ് മുഖത്തടിക്കുന്ന ദൃശ്യം കാണാൻ ക്ലിക്ക് ചെയ്യുക

അടികിട്ടുകയും നാണം കെടുകയും ചെയ്ത ഉമാകാന്ത് അണിയറ പ്രവര്‍ത്തകരോട് കയര്‍ത്ത് തന്റെ അരിശം തീര്‍ത്താണ് മടങ്ങിയത്. സംഭവത്തിന്റെ വീഡിയോ വന്‍ ഹിറ്റാണ് ഇപ്പോള്‍ യൂട്യൂബില്‍.