ബാഹുബലിയെ അവിസ്മരണീയമാക്കിയ പ്രഭാസാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ സെന്‍സേഷന്‍. അതുകൊണ്ട് തന്നെ പ്രഭാസിന്റെ കല്ല്യാണവാര്‍ത്തയ്ക്ക് ഇപ്പോള്‍ വന്‍ ഡിമാന്റാണ്.

പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട് പ്രഭാസിന്റെ മിന്നുകെട്ടിനെക്കുറിച്ച്. പ്രഭാസും ബാഹുബലിയില്‍ പ്രഭാസ് ചെയ്ത അമരേന്ദ്ര ബാഹുബലിയുടെ ഭാര്യയായി വേഷമിട്ട അനുഷ്‌ക്ക ഷെട്ടിയും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും വൈകാതെ വിവാഹിതരാകുമെന്നും ശക്തമായ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ആരാധകരില്‍ പലരും ഇത് ആഗ്രഹിക്കുന്നുണ്ട് എന്നതും സത്യമാണ്. എന്നാല്‍, ഇരുവരും ഇതു സംബന്ധിച്ച് ഇതുവരെ പരസ്യമായി മനസ്സ് തുറന്നിട്ടില്ല.

ഇതിനിടയിലാണ് ആന്ധ്രയിലെ ഒരു വ്യവസായിയുടെ മകളെയാണ് പ്രഭാസ് വിവാഹം കഴിക്കുന്നതെന്ന വാര്‍ത്ത പരന്നത്. രാസി സിമന്റ്സിന്റെ ഉടമ ഭൂപതി രാജയുടെ കൊച്ചുമകളുമായുള്ള പ്രഭാസിന്റെ വിവാഹം ഏതാണ്ട് ഉറപ്പിച്ചെന്ന് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതിനും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങിയ ഉടനെ തനിക്ക് ആറായിരത്തിലേറെ വിവാഹാഭ്യര്‍ഥനകള്‍ വന്നുവെന്ന് പ്രഭാസ് തന്നെ വെളിപ്പെടുത്തിയിരുന്നു