ചൈനീസ് ബോക്‌സ് ഓഫീസില്‍ ആമിർ ഖാന്റെ ദംഗലിന്റെ ജൈത്രയാത്ര തുടരുന്നു. ചൈനീസ് പ്രേക്ഷകർ നൽകിയ പിന്തുണയുടെ ബലത്തിൽ ആഗോള തലത്തിലുള്ള വരുമാനത്തില്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തെ കടത്തിവെട്ടി ദംഗല്‍ 1800 കോടി ക്ലബില്‍ കടന്നിരിക്കുകയാണ്. 1633 കോടിയാണ് ബാഹുബലി ഇതുവരെ നേടിയിരിക്കുന്നത്.

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെ ബോക്‌സ് ഓഫീസ് റെക്കോഡുകളെല്ലാം തകര്‍ത്തിരുന്നു. 1000 കോടി ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രമെന്ന് റെക്കോഡും ബാഹുബലി സ്വന്തമാക്കിയിരുന്നു. 2016 ല്‍ ഡിസംബറില്‍ പുറത്തിറങ്ങിയ ദംഗല്‍ 700 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം മെയ് മാസത്തില്‍ ചൈനയില്‍ റിലീസ് ചെയതതാണ് ദംഗലിനെ 1800 കോടി ക്ലബിലെത്തിച്ചത്. ഗുസ്തി പ്രമേയമാക്കിയ ഈ ചിത്രം ചൈനയില്‍ നിന്ന് മാത്രം 1000 കോടിയാണ് നേടിയത്.