ബി. ഉണ്ണിക്കൃഷ്ണൻ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന് | ഫോട്ടോ: സ്ക്രീൻഗ്രാബ്
അടുത്തകാലത്ത് സിനിമയുമായി ബന്ധപ്പെട്ട് നടന്ന ചില സംവാദങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ. തിരക്കഥാകൃത്തും സംവിധായകനുമായ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടൽമുറിയിൽ എക്‌സൈസ് സംഘം പരിശോധന നടത്തിയ സംഭവത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചെറുപ്പക്കാർ മുഴുവൻ ലഹരിക്ക് അടിമകളാണെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നടീനടന്മാരെ ചുറ്റിപ്പറ്റിയായിരുന്നെങ്കിൽ റെയ്ഡ് നടന്നത് എഴുത്തുകാരനും സംവിധായകനുമായ ഒരാൾക്കെതിരെയാണ്. അതുകൊണ്ട് നടീനടന്മാരെ മുഴുവൻ റെയ്ഡ് നടത്തണമെന്നല്ല തങ്ങൾ പറയുന്നതെന്നും ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
സംഭവത്തിൽ ഫെഫ്കയുടെ 20 യൂണിയനുകളിലുംപെടുന്ന എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും അതിശക്തമായ പ്രതിഷേധമുണ്ട്. അന്വേഷണം ഫലപ്രദമായി നടക്കണം നജീം കോയയെ കുടുക്കാൻ ശ്രമിച്ചയാളെ വെളിച്ചത്ത് കൊണ്ടുവരാതെ പ്രതിഷേധത്തിൽ നിന്ന് പിറകിലേക്ക് പോവില്ല. നജീം കോയയെ ഏതറ്റം വരെ പോയും ചേർത്തുനിർത്തും. ഇപ്പറയുന്ന ഏജൻസി ടിനി ടോമിനെ ഇതുവരെ വിളിപ്പിച്ചോ? ടിനി ടോമിന്റെ മകനെ സിനിമയിൽ അഭിനയിപ്പിക്കാത്തത് അദ്ദേഹവും മകനും തമ്മിലുള്ള റിലേഷൻഷിപ്പിന്റെ പ്രശ്നമാണ്. അതിൽ പ്രതികരണത്തിന് ഞാനില്ല. എക്സൈസ് വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ടിനി ടോം വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ 'പല്ലുപൊടിയൽ' പ്രസ്താവനയിൽ ആദ്യം സ്റ്റേറ്റ്മെന്റ് എടുക്കേണ്ടതാരാണ്? സ്വന്തം ബ്രാൻഡ് അംബാസിഡറോട് എക്സൈസ് വകുപ്പ് ചോദിക്കണ്ടേ? നടപടിയെടുക്കണ്ടേ? അതെന്താണവർ ചെയ്യാത്തത്. ഒരു പ്രസ്താവന നടത്തുമ്പോൾ ഉത്തരവാദിത്വം കാണിക്കണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി വ്യക്തമാക്കി.
"ഒരു വിവരം ലഭിച്ചതിനാലാണ് തങ്ങൾ വന്നതെന്നാണ് നജീം കോയയോട് റെയ്ഡിന് വന്ന ഉദ്യോഗസ്ഥർ പറഞ്ഞത്. നിയമപരമായ ഒരു പരിശോധനയ്ക്ക് ഞങ്ങൾ എതിരല്ല. പക്ഷേ ഇതൊന്നും ഉപയോഗിക്കാത്ത ഒരാൾ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാടാളുകൾ താമസിക്കുന്ന സ്ഥലത്ത് ഒരു റൂമിൽ മാത്രം ഒരാളെ മാത്രം ടാർഗറ്റ് ചെയ്ത് പരിശോധന നടത്തിയിരിക്കുകയാണ്. നൂറ് ശതമാനം സക്സസ് റേറ്റുള്ള ഉദ്യോഗസ്ഥ സംഘമാണ് വന്നത്. ആദ്യമായിട്ടായിരിക്കും അവർ ഒന്നും കിട്ടാതെ തിരിച്ചുപോകുന്നത്. അങ്ങനെ ഒരു ടീം വന്ന് ഇത്ര വിശദമായ പരിശോധന നടത്തണമെങ്കിൽ വളരെ ശക്തമായ ഒരു ഇൻഫർമേഷൻ ഇതിന് പിന്നിലുണ്ട്. ഇതൊരു ഗൂഢാലോചനയാണ്. "
വിവരം തന്നതാരെന്ന് ഒരന്വേഷണ ഏജൻസിയുംപുറത്തുപറയില്ല. പക്ഷേ ഇതൊരു ക്രിമിനൽ ഗൂഢാലോചനയായി കാണണം. ഒരാളെ ഫ്രെയിം ചെയ്യാനുള്ള ശ്രമം ഇതിന് പിന്നിലുണ്ട്. അതുകൊണ്ട് ഈ സോഴ്സ് ആരാണെങ്കിലും, ഒന്നോ അതിലധികമോ ആളുകളുണ്ടാവാം. അവരെ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവന്നുകൊണ്ട് നജീം കോയയ്ക്കെതിരെ എന്തുകൊണ്ട് വ്യാജവിവരം നൽകിയെന്ന് ചോദിക്കണം. ഇത് വളരെ ഭീതിദമായ അന്തരീക്ഷമാണ്. ഉത്തരവാദിത്വപ്പെട്ട അന്വേഷണ ഏജൻസിയെ വഴിതെറ്റിക്കുകയാണ് ചെയ്തിരിക്കുന്നത്. അത് സർക്കാർ ഗൗരവമായെടുത്തിരിക്കണം. എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായി റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാട് സംസാരിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് അവരാവശ്യപ്പെട്ടിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു.
Content Highlights: b unnikrishnan press meet, excise raid on najeem koya's hotel room tiny tom issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..