കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന് പിന്നാലെ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്നതായി പുറത്തുവന്ന വാര്‍ത്തകളെ നിഷേധിച്ച് ബി. ഉണ്ണികൃഷ്ണന്‍. പൃഥ്വിരാജിനെ മോഹന്‍ലാലിനൊപ്പം പരിഗണിച്ചിരുന്നില്ലെന്ന് ഉണ്ണികൃഷ്ണന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ആലോചിക്കുന്ന പ്രൊജക്ട് ചില സാങ്കേതിക തടസ്സങ്ങളിലാണ്. അത് പരിഹരിച്ച ഉടന്‍ സിനിമയെ സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടാകുമെന്നും ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. 

ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച പ്രഭാകര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നതായുള്ള വാര്‍ത്തകളെയും അദ്ദേഹം നിഷേധിച്ചു. മോഹന്‍ലാലിനെ നായകനാക്കി ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു കഥ ആലോചിച്ചിരുന്നു. പക്ഷെ, പിന്നീട് നടത്തിയ ആലോചനകളില്‍ ആ കഥ ഉപേക്ഷിച്ചു.

ആ കഥയിലേക്കാണ് പ്രഭാകറിനെ പോലുള്ളവരെ പരിഗണിച്ചിരുന്നത്. ഇതില്‍ പൃഥ്വിരാജിന്റെ പേര് എങ്ങനെ കടന്നു വന്നുവെന്ന് പോലും അറിയില്ല. വാര്‍ത്ത എഴുതിയ ലേഖകന്റെ ഭാവന മാത്രമായിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് തിയതി കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല.

ഗ്രാന്‍ഡ്മാസ്റ്ററിന്റെ തുടര്‍ച്ചയായി ചിത്രമെടുക്കാനായിരുന്നു പദ്ധതിയെങ്കിലും യു.ടി.വി ഉള്‍പ്പെടെയുള്ള നിര്‍മ്മാണ കമ്പനികള്‍ അടച്ചുപൂട്ടിയതിനാല്‍ റൈറ്റ്‌സ് സംബന്ധിച്ച പ്രശ്‌നങ്ങളില്‍ കുരുങ്ങി നില്‍ക്കുകയാണെന്നാണ് സൂചന.

സാങ്കേതിക തടസ്സങ്ങളില്‍ കുരുങ്ങി നില്‍ക്കുന്നതിനാല്‍ ഗ്രാന്‍ഡ്മാസ്റ്ററിന്റെ രണ്ടാംഘട്ടം ഉപേക്ഷിച്ച് സ്വതന്ത്രകഥയുമായി മുന്നോട്ടു പോകാനുള്ള ആലോചനയിലാണ് സംവിധായകന്‍. ഗ്രാന്‍ഡ്മാസ്റ്റര്‍, മാടമ്പി, മിസ്റ്റര്‍ ഫ്രോഡ് എന്നിവയാണ് ബി. ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ വെച്ച് ചെയ്ത സിനിമകള്‍.