പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിലീസിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്ത തെറ്റാണെന്ന് ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി. 

"ആറാട്ട്‌" ഒക്റ്റോബറിൽ റിലീസ്‌ ചെയ്യുന്നു എന്ന വാർത്ത തെറ്റാണ്‌. ചിത്രത്തിന്റെ റിലിസ്‌ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.ഉണ്ണികൃഷ്ണൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ‌ വ്യക്തമാക്കി. ചിത്രം ഒക്ടോബർ 14ന് തീയേറ്ററുകളിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. 

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഉദയ്കൃഷ്ണയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.

സം​ഗീതമാന്ത്രികൻ എ. ആർ റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ഒരു കോമഡി ആക്ഷൻ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ.

വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.

Content Highlights : B unnikrishnan about Mohanlal movie Aaraattu release Udaykrishna