ഗാനത്തിൽ നിന്നും | photo: screen grab
സംസ്ഥാന സര്‍ക്കാരിന്റെ വിമെന്‍ സിനിമ പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.സി.സി) നിര്‍മിച്ച 'ബി 32 മുതല്‍ 44 വരെ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. രമ്യ നമ്പീശന്‍, റെയ്ന രാധാകൃഷ്ണന്‍, അശ്വതി ബി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ശ്രുതി ശരണ്യം ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് 24*7 ന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത 'ആനന്ദം' എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കുസാറ്റില്‍ വെച്ചുനടന്നു. സംഗീത സംവിധായകന്‍ സുദീപ് പലനാട്, ഗായിക ഭദ്ര റജിന്‍, ഗാനങ്ങളില്‍ വാദ്യോപകരണങ്ങള്‍ ചെയ്ത അരവിന്ദ്, മാര്‍ക്കറ്റിങ് കൈകാര്യം ചെയ്യുന്ന സ്റ്റോറീസ് സോഷ്യലിന്റെ സംഗീത ജനചന്ദ്രന്‍ എന്നിവര്‍ കുസാറ്റില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെയും ഒരു ട്രാന്‍സ്മാന്റെയും കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഓരോ കഥാപാത്രങ്ങളും കൈകാര്യം ചെയ്യുന്ന വികാരങ്ങളെയും ചിന്തകളെയും ഹൃദ്യമായി ആവിഷ്‌കരിക്കാന്‍ കഴിയുന്ന ഗാനങ്ങളാണ് ചിത്രത്തിലുള്ളതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സിനിമ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ കൂടുതല്‍ മനോഹരമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ സഹായിക്കുന്ന പാട്ടുകളാണ് സുദീപ് പലനാടും സംഘവും ഒരുക്കിയിട്ടുള്ളതെന്ന് ചടങ്ങില്‍ സംസാരിക്കവെ സംവിധായിക ശ്രുതി ശരണ്യം പറഞ്ഞു.
ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെതന്നെ ശ്രദ്ധ നേടിയിരുന്നു. ചലച്ചിത്ര മേഖലയില്‍ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് വിമെന്‍ സിനിമ പ്രോജക്ട്. ബി 32' മുതല്‍ 44' വരെ എന്ന സിനിമയുടെ അണിയറസംഘത്തില്‍ മുപ്പതോളം വനിതകളാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.
Content Highlights: B 32 Muthal 44 Vare movie song released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..