പൃഥ്വിരാജ്-ബിജു മേനോന്‍ താര കോമ്പോ ഒന്നിച്ച സൂപ്പര്‍ ഹിറ്റ് മലയാളചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക്. ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരുടെ വേഷത്തില്‍ നന്ദമുറി ബാലകൃഷ്ണയും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന.

തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സിതാര എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 

ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആടുകളം, ജിഗര്‍തണ്ട, പൊള്ളാതവന്‍, എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കതിര്‍സേനന്‍ ആണ് തമിഴില്‍ ചിത്രം നിര്‍മിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പൃഥ്വിരാജിന്റെ വേഷം ധനുഷും ബിജു മേനോന്റെ വേഷം വിജയ് സേതുപതിയും അവതരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

അനാര്‍ക്കലി എന്ന ചിത്രത്തിന്‌ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും.  എസ് ഐ അയ്യപ്പന്‍ നായരായി ബിജു മേനോനും റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തിയ ചിത്രം തീയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

Content Highlights : Ayyappanum Koshiyum Telugu remake Rana Daggubatti And Nandamuri Balakrishna In Lead roles