സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ അയ്യപ്പനും കോശിയും തെലുങ്ക് റീമേയ്ക്കാണ് ഭീംല നായക്. ചിത്രത്തിൽ‌ റാണ ​ദ​ഗുബാട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ റാണ അവതരിപ്പിക്കുന്നത്. ഡാനിയൽ ശേഖർ എന്നാണ് തെലുങ്കിൽ കഥാപാത്രത്തിന്റെ പേര്. റാണയുടെ ചിത്രത്തിലെ ലുക്ക് സെപ്റ്റംബർ 20ന് പുറത്ത് വിടും.‌

പൃഥ്വിരാജും ബിജു മേനോനുമാണ് അയ്യപ്പനും കോശിയിലും ടൈറ്റിൽ വേഷങ്ങളിലെത്തിയത്. ഭീംല നായക് എന്ന പേരിൽ തെലുങ്കിൽ ഒരുങ്ങുന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് പവൻ കല്യാണാണ്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് പവൻ കല്യാൺ തെലുങ്കിൽ അവതരിപ്പിക്കുന്നത്. 

നേരത്തെ പുറത്തെത്തിയ ചിത്രത്തിൻറെ ടൈറ്റിൽ സോങ്ങും പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഭാഷണങ്ങൾ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമൻ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ നാ​ഗ വംശിയാണ് ചിത്രം നിർമിക്കുന്നത്.

2022 ജനുവരി 12ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഏറെ മാറ്റങ്ങളോടെയാണ് ചിത്രത്തിന്റെ റീമേയ്ക്ക് ഒരുങ്ങുന്നത്. രണ്ട് നായകന്മാർ എന്നതിന് പകരം നായകൻ, പ്രതിനായകൻ എന്ന രീതിയിൽ തിരക്കഥ മാറ്റണമെന്ന് പവൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പവൻ കല്യാൺ സിനിമകളുടെ ശൈലി പിന്തുടരുന്ന രീതിയിലുള്ള മാറ്റം തെലുങ്ക് പതിപ്പിനുണ്ടാകും.

content highlights : Ayyappanum Koshiyum telugu remake Rana Daggubati to play Daniel Shekhar in Bheemla Nayak