പൃഥ്വിരാജ്-ബിജു മേനോന്‍ താര കോമ്പോ ഒന്നിച്ച സൂപ്പര്‍ ഹിറ്റ് മലയാളചിത്രം അയ്യപ്പനും കോശിയും തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ താരസഹോദരൻമാരായ സൂര്യയും കാർത്തിയും പ്രധാനവേഷങ്ങളിലെത്തുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. തമിഴിൽ പൃഥ്വിരാജ് ചെയ്ത കോശിയുടെ  വേഷം കാർത്തിയും ബിജു മേനോൻ ചെയ്ത അയ്യപ്പന്റെ വേഷത്തിലും സൂര്യയും എത്തുമെന്നാണ് അഭ്യൂഹങ്ങൾ.

ആടുകളം, ജിഗര്‍തണ്ട, പൊള്ളാതവന്‍, എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ കതിര്‍സേനന്‍ തമിഴ് പതിപ്പ് നിർമിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജിന്റെ വേഷം ധനുഷും ബിജു മേനോന്റെ വേഷം വിജയ് സേതുപതിയും അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യാനിരിക്കുകയാണ്. ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരുടെ വേഷത്തില്‍ നന്ദമൂരി ബാലകൃഷ്ണയും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സിതാര എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 

ഹിന്ദി പതിപ്പിന്റെ അവകാശം നടനും നിർമാതാവുമായ ജോൺ എബ്രഹാം സ്വന്തമാക്കി. ജോണ് അബ്രഹാമിന്റെ ജെ.എ എന്റർടൈന്മെന്റ്‌സാണ് ചിത്രം നിർമിക്കുന്നത്. 

"ആക്ഷനും, കഥയ്ക്കും ഒരുപോലെ പ്രാധാന്യം നൽകി ഒരുക്കിയ ത്രില്ലിങ്ങ് ആയ ചിത്രം അയ്യപ്പനും കോശിയും. ഇത്തരത്തിലുള്ള നല്ല സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനാണ് ജെ.എ. എന്റർടെയ്ൻമെന്റ് ശ്രമിക്കാറുള്ളത്. ഈ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ നിങ്ങൾക്ക് മികച്ച സിനിമ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു.." ജോൺ എബ്രഹാം ട്വീറ്റ് ചെയ്തു. 

അനാര്‍ക്കലി എന്ന ചിത്രത്തിന്‌ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും.  എസ്ഐ അയ്യപ്പന്‍ നായരായി ബിജു മേനോനും റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തിയ ചിത്രം തീയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.