പെൻഷൻ പണം വീട്ടിലെത്തിയതിന്റെ സന്തോഷം പാട്ടു പാടി പങ്കുവക്കുന്ന ഗായിക നഞ്ചമ്മയുടെ വീഡിയോ  ധനമന്ത്രി തോമസ് ഐസക് പങ്കുവച്ചത് വൈറലായിരുന്നു. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് പണം നഞ്ചമ്മയുടെ വീട്ടിലെത്തിച്ചത്.

ഇപ്പോഴിതാ വിഷുവിന് മുമ്പ് ക്ഷേമ പെൻഷൻ ലഭിച്ചതിന്റെ സന്തോഷം മന്ത്രിയുമായി പങ്കുവച്ചിരിക്കുകയാണ് നഞ്ചമ്മ. ക്ലബ് എഫ്.എം.94.3 ആർ.ജെ വൈശാഖ് ആണ് ഫോൺ വഴി ഇരുവർക്കും സംസാരിക്കാൻ അവസരമൊരുക്കിയത്. 

വിഷുവിന് മുമ്പ് പെന്‍ഷന്‍ പണം ലഭിച്ച സന്തോഷം  പങ്കുവച്ച നഞ്ചമ്മ തങ്ങൾ വീട്ടിൽ തന്നെയാണ് ഇരിക്കുന്നതെന്നും സാറുമ്മാരും സുരക്ഷിതരായിരിക്കണമെന്നും പറയുന്നു. സര്‍ക്കാരിനെക്കുറിച്ച് രണ്ട് വരി പാട്ട് കൂടി പാടിയാണ് നഞ്ചമ്മ കോള്‍ അവസാനിപ്പിച്ചത് 

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെയാണ് ആദിവാസി കലാകാരിയായ അട്ടപ്പാടി സ്വദേശിയായ നഞ്ചമ്മ ശ്രദ്ധ നേടുന്നത്. കലക്കാത്ത എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

Content Highlights : Ayyappanum Koshiyum Fame Nanjiyamma Spoke with Minister Thomas Issac club FM 94.3