രാഹുൽ രാജഗോപാലും സംവിധായകൻ ക്രിഷാന്തും, ആവാസവ്യൂഹം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/rajagopal_rahul/
വിവിധ മേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്ത ആവാസവ്യൂഹം എന്ന ചിത്രം ഓ.ടി.ടി റിലീസിനൊരുങ്ങുന്നു. സോണി ലിവിലൂടെ ആഗസ്റ്റ് നാലിന് ചിത്രം മലയാളി പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. ക്രിഷാന്ത് ആണ് ആവാസവ്യൂഹം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.
പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളേയും അതുവഴി പ്രകൃതിക്കുണ്ടാവുന്ന നാശവുമാണ് ചിത്രം സംസാരിക്കുന്ന വിഷയം. കാത്തിരുന്ന് ക്ഷമയോടെ പകർത്തിയ തവളകളും ആമകളും തുമ്പികളുമടങ്ങുന്ന ജീവജാലങ്ങളുടെ മിഴിവാർന്ന ദൃശ്യങ്ങളാണ് ആവാസവ്യൂഹത്തിന്റെ പ്രത്യേകത.
കരിക്ക് എന്ന വെബ്സീരീസിലൂടെ ശ്രദ്ധേയനായ രാഹുൽ രാജഗോപാലാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിലീൻ സാന്ദ്രയാണ് നായിക. ഗീതി സംഗീത, ശ്രീനാഥ് ബാബു, ഷിൻസ് ഷാൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായുണ്ട്. വിഷ്ണു പ്രഭാകർ ഛായാഗ്രഹണവും സംഗീതം അജ്മൽ ഹസ്ബുള്ളയും രാകേഷ് ചെറുമടം എഡിറ്റിങ്ങും പ്രൊമൈസ് ആനിമേഷനും നിർവഹിച്ചിരിക്കുന്നു.
സംവിധായകൻ ക്രിഷാന്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നതും. ഇക്കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും ഫിപ്രസ്കി പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. 2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും ആവാസവ്യൂഹമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..