മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിന് പരിഹസവുമായി എഴുത്തുകാരന്‍ ടോം ഹോളണ്ട്. വ്യാജസ്തുതിയിലൂടെയായിരുന്നു  ടോമിന്റെ പരിഹാസം. 

''ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം പേരു നല്‍കിയ മോദിയുടെ വിനയത്തെ ഞാന്‍ ആരാധിക്കുന്നു. നേതാക്കള്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് രാജ്യങ്ങള്‍ക്ക് നല്ലതല്ല.''- ടോം ഹോളണ്ട് കുറിച്ചു.

ട്വീറ്റ് പെട്ടന്ന് തന്നെ വൈറലായി. എഴുത്തുകാരന്‍ ടോം ഹോളണ്ടാണ് ട്വീറ്റ് ചെയ്തതെങ്കിലും ഇതിനുള്ള ആക്രമണം നേരിട്ടത് മാര്‍വല്‍ സിനിമാ പരമ്പരയില്‍ സ്‌പൈഡര്‍മാനായി വേഷമിട്ട ടോം ഹോളണ്ടാണ്. ബാന്‍ സ്‌പൈഡര്‍മാന്‍, ബോയ്‌കോട്ട് സ്‌പൈഡര്‍മാന്‍ തുടങ്ങിയ ഹാഷ്ടാഗുകളും പ്രചരിച്ചു. 

ഇത് പതിവാണെന്നും തന്നെയും നടന്‍ ടോം ഹോളണ്ടിനെയും മാറിപ്പോകുന്നത് ഇതാദ്യമല്ലെന്നും എഴുത്തുകാരന്‍ ടോം ഹോളണ്ട് പിന്നീട് വിശദീകരിച്ചു.

ഇംഗ്ലണ്ട് സ്വദേശിയാണ് 53-കാരനായ ടോം ഹോളണ്ട്. ഒട്ടനവധി നോവലുകളും ചരിത്ര പുസ്തകങ്ങളുമൊക്കെ അദ്ദേഹം എഴുതിയിട്ടുണ്ട്. ബി.ബി.സിയ്ക്ക് വേണ്ടി ചരിത്ര ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. 

Content Highlights: Author Tom Holland makes sarcastic tweet on PM Modi Indian Twitter says will boycott Spider-Man