വിജയിനെക്കുറിച്ച് വികാരാധീനനായി സംവിധായകന്‍ അറ്റ്‌ലി. ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് തന്നെ സിനിമയില്‍ മുന്‍പോട്ട് നയിച്ചത് വിജയ് നല്‍കിയ ധൈര്യമാണെന്ന് അറ്റ്‌ലി തുറന്ന് പറഞ്ഞത്. വിജയ്-അറ്റ്‌ലി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ തെരി ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ഒന്നര വര്‍ഷമാണ് താന്‍ ആ സിനിമയുടെ തിരക്കഥ എഴുതാന്‍ വേണ്ടി മാത്രം മറ്റി വച്ചതെന്നും അറ്റ്‌ലി കൂട്ടിച്ചേര്‍ത്തു. 

സിനിമയിലേക്ക് വരുമ്പോഴേ ഞാന്‍ ആഗ്രഹിച്ചത് വിജയ് എന്ന നടനൊപ്പമുള്ള ഒരു സിനിമയാണ്. നന്‍പനില്‍ അസോസിയേറ്റ് ഡയറക്ടറായി ഞാന്‍ ജോലി ചെയ്തിരുന്നു. അന്ന് മുതലാണ് വിജയ് അണ്ണനെ അടുത്തു പരിചയപ്പെടുന്നത്. അസോസിയേറ്റ് ഡയറക്ടറോട് പൊതുവെ എല്ലാ നടന്‍മാരും സിനിമ കഴിഞ്ഞാല്‍ കാരവനില്‍ കയറി ഒരു 'ബൈ' പറയും. എന്നാല്‍ വിജയ് അണ്ണന്‍ അന്നേ പറഞ്ഞു ' ഒരു നല്ല കഥ കൊണ്ടുവരൂ, ഒന്നിച്ചൊരു സിനിമ ചെയ്യാമെന്ന്'. ഒരു സൂപ്പര്‍ സ്റ്റാര്‍ പൊതുവെ ഇങ്ങനെയൊന്നും പറയാറില്ല. അന്ന് മുതലേ അദ്ദേഹം ഒരു വിശ്വാസം എന്നോട് കാണിച്ചിരുന്നു.

രാജാ റാണി തീര്‍ത്തിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയത്. ഒന്നര വര്‍ഷം മിനക്കെട്ടിരുന്ന് തിരക്കഥ എഴുതി തീര്‍ത്തിട്ടാണ് പോയത്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. അങ്ങിനെയാണ് തെരി ഉണ്ടാകുന്നത്. ബോക്‌സ് ഓഫീസിലെ റെക്കോഡുകളല്ല എന്നെ സന്തോഷിപ്പിക്കുന്നത,് ഞാന്‍ എവിടെപ്പോയാലും ആ സിനിമയെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത് കാണുമ്പോഴാണ്. എനിക്ക് സ്വന്തമായി ഒരു ഏട്ടന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ തെരിക്ക് ശേഷം ആ സങ്കടം തീര്‍ന്നു- അറ്റ്‌ലി പറഞ്ഞു.