അസ്‌കര്‍ അലി നായകനാകുന്ന പുതിയ ചിത്രം 'ജീം ബൂം ബാ'യുടെ പോസ്റ്റര്‍ ഹോളിവുഡ് സിനിമയുടെ കോപ്പിയടിയാണെന്ന ആരോപണത്തില്‍ പ്രതികരണവുമായി അണിയറപ്രവര്‍ത്തകര്‍. ഹോളിവുഡ് ചിത്രം പള്‍പ് ഫിക്ഷന്റെ പോസ്റ്റിനോട് സാമ്യമുണ്ടെന്നായിരുന്നു ആരോപണം. പള്‍പ് ഫിക്ഷന്‍ പോസ്റ്ററിലെ ജോണ്‍ ട്രവോള്‍ട്ടയുടെയും സാമുവല്‍ ജാക്സന്റെയും സ്ഥാനത്ത് ബൈജുവും അസ്‌കര്‍ അലിയുമായിരുന്നു 'ജീം ബൂം ബാ'യുടെ പോസ്റ്ററില്‍. ഇത് തല വെട്ടി ഒട്ടിച്ചതാണെന്നായിരുന്നു ആക്ഷേപമുണ്ടായിരുന്നത്.
എന്നാല്‍ ഒരു സ്പൂഫ് പോസ്റ്റര്‍ ആണ് ഉദ്ദേശിച്ചതെന്നും ഡിജിറ്റല്‍ പെയിന്റിങ്ങ് ആണ് അതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഒരു സിനിമയുടെ പബ്ലിസിറ്റി അതിനകത്ത് ആളെ കയറ്റാന്‍ വേണ്ടി ആണെന്നും അത് തന്നെയാണ് ഇവിടെ സംഭവിച്ചതെന്നും അവര്‍ പറയുന്നു. പെരുച്ചാഴി എന്ന സിനിമയുടെ പോസ്റ്ററില്‍ മോഹന്‍ലാല്‍ സൂപ്പര്‍മാന്റെയും അജു വര്‍ഗീസ് അവതാറിന്റെയും കോസ്റ്റിയൂമില്‍ വന്നപ്പോഴൊന്നും ഈ സംശയം ഉണ്ടായില്ലല്ലോ എന്നും അവര്‍ ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മഹാന്മാരെ, Jeem Boom Bhaa യുടെ പോസ്റ്റര്‍ വിവാദത്തിലേക്ക് സ്വാഗതം. പോസ്റ്റര്‍ റിലീസ് ചെയ്ത ദിവസം തന്നെ ഞാന്‍ പറഞ്ഞതാണ് ഇത് പൂര്‍ണമായും Pulp Fiction എന്നുള്ള സിനിമയുടെ പ്രശസ്തമായ ഒരു സീനില്‍ നിന്നും എടുത്തിട്ടുള്ളത് എന്ന്. ഒരു ഫ്രെയിം വീണ്ടും പുനസൃഷ്ടികുന്നത് മോശമായി ഞാന്‍ കാണുന്നില്ല. പിന്നെ ആശയ ദാരിദ്ര്യം കാരണം ചെയ്തത് എന്ന് ഉറപ്പിച്ച് പറഞ്ഞ ആള്‍കാര്‍ വരെ ഉണ്ട്. ഒന്ന് പറയട്ടെ. ഒരു സിനിമയുടെ പബ്ലിസിറ്റി അതിനകത്ത് ആളെ കയറ്റാന്‍ വേണ്ടി ആണ്. അതില്‍ എന്റെ എല്ലാ കുതന്ത്രങ്ങളും ഞാന്‍ ഉപയോഗിച്ചെന്ന് വരും. ശെരിയാണ്. നിങ്ങള് ആണല്ലോ തീരുമാനിക്കുന്നത് എന്ത് ചെയ്യണം, ആരു വീട്ടിലിരിക്കണം, ആരു അഭിനയിക്കണം എന്നൊക്കെ.
പിന്നെ Askar Ali ചങ്ങായി എന്തോ ആയിക്കോട്ടെ, പരിമിതികള്‍ ഇല്ലാത്ത ആള്‍ക്കാരില്ലല്ലോ. നമ്മുടെ ഈ സിനിമയ്ക്ക് ഒരു സൂപ്പര്‍ താരങ്ങളും വന്ന് നിന്നിട്ട് ദേ എന്നെ വെച്ച് പടം ചെയ്‌തോളൂ എന്നും പറഞ്ഞിട്ടില്ല. പിന്നെ കുറ്റപ്പെടുത്തല്‍ പുച്ഛം തുടങ്ങിയവ പ്രകടിപ്പിക്കുന്ന സുഹൃത്തുകളെ, നിങ്ങളാരും ഞങ്ങളെ സമീപിച്ച് വരൂ നിങ്ങളുടെ പടം ഞങ്ങള്‍ നല്ല ഒന്നാം നമ്പര്‍ നടന്മാരെ വെച്ച് produce
ചെയ്തു തരാം എന്നും പറഞ്ഞില്ല. നിങ്ങളൊക്കെ ചാന്‍സ് നോക്കി നടക്കുന്ന അതെ അവസ്ഥ തന്നെയാണ് ഒരു സിനിമ ഉണ്ടായി വരുന്നതും. പണ്ട് മോഹന്‍ലാല്‍ അഭിനയിച്ച 'പെരുച്ചാഴി' എന്ന സിനിമയുടെ പോസ്റ്ററില്‍ ലാലേട്ടന്‍ സൂപ്പര്‍മാന്‍ന്റെ കോസ്റ്റ്യും ഇട്ടും അജു വര്‍ഗീസ് അവതാരിന്റെ രൂപത്തില്‍ വന്നപ്പോള്‍ ഒന്നും നിങ്ങള്‍ക്ക് സംശയം ഇല്ലാതിരുന്നത് എന്ത് കൊണ്ടാണ് ?
പോപ്പുലര്‍ ആയിട്ടുള്ള പല സംഭവങ്ങളും വെച്ച് പോസ്റ്ററുകള്‍ ഒരുപാട് വന്നിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ പോസ്റ്റര്‍ ഇന്ന് ഇത്രേം റീച്ച് ആയതും അത്‌കൊണ്ട് തന്നെ ആണ്. പിന്നെ തലവെട്ടി കാലു വെട്ടി എന്ന് പറയുന്നവരോട്, ഇത് മുഴുവന്‍ ഡിജിറ്റല്‍ പൈന്റിങ് ആണ്. Pulp fictionte poster web quality മാത്രം ഉള്ളതാണ്. ഞങ്ങള്‍ക്ക് ഇത് പ്രിന്റ് ചെയ്യണമെങ്കില്‍ അത് പോരാ. ഫിലിം പോസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മനസ്സിലാകും. അത്‌കൊണ്ട് മുഴുവന്‍ ഫോട്ടോഷോപ്പില്‍ ചെയ് ത് ഉണ്ടാക്കിയതാണ്. ചില ഇമേജുകള്‍ താഴെ ചേര്‍ക്കുന്നു. എല്ലാം തികഞ്ഞ ആള്‍ക്കാര്‍ക്ക് മനസ്സിലാകുമോ എന്നറിയില്ല. വീണ്ടും പറയുന്നു. വളരെ ബോധപൂര്‍വം ചെയ്ത ഒരു പോസ്റ്റര്‍ തന്നെയാണ് ഇത്. The same pulp fiction !
രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അസ്‌കര്‍ അലിയും ബൈജുവുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. സ്പൂഫ് ഗണത്തില്‍പെടുന്ന ചിത്രമാണ് ജീം ബൂം ബാ. അഞ്ജു കുര്യന്‍, നേഹ സക്സേന, അനീഷ് ഗോപാല്‍, രാഹുല്‍ ആര്‍ നായര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.
askar ali new movie jeem bhoom bhaa first look poster controversy pulp fiction movie poster