ബെംഗളൂരു: സിനിമാ ചിത്രീകരണത്തിലെ ലാത്തിച്ചാര്‍ജ് കൂട്ടത്തല്ലില്‍ കലാശിച്ചു. നായകനും നായികയും അടക്കമുള്ള താരങ്ങള്‍ക്കും തല്ല് കിട്ടുകയും ചെയ്തു.

ആസിഫ് അലി നായകനായ ബി ടെക്കിന്റെ ചിത്രീകരണത്തിനിടെയാണ് കളി കാര്യമായി കൂട്ടത്തല്ലില്‍ കലാശിച്ചത്. കൂട്ടത്തല്ലില്‍ ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും പരിക്കേറ്റിട്ടുണ്ട്.

ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ഒരു സമരം ചിത്രീകരിക്കുന്നതിനിടെയാണ് അടി കാര്യമായത്. സമരം ചെയ്യുന്ന കോളേജ് വിദ്യാര്‍ഥികളെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്യുന്നതായിരുന്നു രംഗം. പോലീസ് വേഷമണിഞ്ഞു നിന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഇടയ്ക്ക് അഭിനയം മറന്ന് യഥാര്‍ഥ പോലീസുകാരായതാണ് പ്രശ്‌നമായത്. പിന്നെ നടന്നത് ശരിക്കുമുള്ള ലാത്തിച്ചാര്‍ജ് തന്നെ. അന്യഭാഷക്കാരായതിനാല്‍ ഇവരെ നിയന്ത്രിക്കാന്‍ സെറ്റിലുള്ള മറ്റുള്ളവര്‍ക്ക് കഴിഞ്ഞതുമില്ല.

ആസിഫ് അലിക്കും സൈജു കുറുപ്പിനും അപര്‍ണയ്ക്കും ഏതാനും താരങ്ങള്‍ക്കും അടി കിട്ടിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പുറമെ അലന്‍സിയര്‍, ശ്രീനാഥ് ഭാസി, അജു വര്‍ഗീസും ജാഫര്‍ ഇടുക്കിയും എന്നിവരും അടി നടക്കുമ്പോള്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.

പ്രശ്‌നം രൂക്ഷമായതോടെ ചിത്രീകരണം നിര്‍ത്തിവച്ചു. ഇതിനിടെ സംവിധായകന്‍ ശകാരിച്ചതോടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ക്ഷുഭിതരാവുകയും ലൊക്കേഷനിലെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. പിന്നീട് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. നാനൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായിരുന്നു ആ സമയം സെറ്റില്‍ ഉണ്ടായിരുന്നത്.

കാമ്പസ് കേന്ദ്രീകരിച്ച് മാക്‌ട്രേ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മൃദുല്‍ നായരാണ്. രാമകൃഷ്ണ ജെ കുളൂരും മൃദുല്‍ നായരും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.

Content Highlights: Asif Ali Aparna Balamurali B Tech Malayalam Movie