പുതിയ ബിസിനസ് സംരംഭവുമായി തെലുങ്ക് യുവനടൻ വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ മഹ്ബൂബ്ന​ഗറിൽ മൾട്ടിപ്ലക്സ് തീയേറ്റർ കോംപ്ലക്സിനാണ് താരം തുടക്കമിട്ടിരിക്കുന്നു. ഏഷ്യൻ വിജയ് ദേവരകൊണ്ട സിനിമാസ് (എവിഡി) എന്ന് പേരിട്ടിരിക്കുന്ന മൾട്ടിപ്ലക്സ് തീയേറ്റർ സെപ്റ്റംബർ 24ന് പ്രവർത്തനം തുടങ്ങും. സായ് പല്ലവിയും നാ​ഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്ന ലവ് സ്റ്റോറിയാണ് ആദ്യം പ്രദർശിപ്പിക്കുന്ന ചിത്രം. 

തന്റെ അമ്മയ്ക്ക് ജന്മദിനസമ്മാനമായി തീയേറ്റർ സമർപ്പിക്കുകയാണെന്നും വിജയ് പറയുന്നു. തന്റെ മാതാപിതാക്കളുടെ ജന്മസ്ഥലമാണ് മഹ്ബൂബ് ന​ഗറെന്നും അവിടെയുള്ളവർക്കുള്ള പ്രത്യേക സമ്മാനമാണിതെന്നും വിജയ് വ്യക്തമാക്കുന്നു. ലി​ഗർ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ​ഗോവയിൽ ആയതിനാൽ തീയേറ്ററിന്റെ ഉദ്ഘാടന ചടങ്ങുകളിൽ വിജയ്ക്ക് പങ്കെടുക്കാനാവില്ല. ഏഷ്യൻ സിനിമാസിന്റെ പങ്കാളിത്തത്തോടെയാണ് വിജയ് ഈ തീയേറ്റർ നിർമിച്ചത്. 

നേരത്തെ റൗഡി വെയർ എന്ന ബ്രാൻ‌ഡിൽ വസ്ത്രവ്യാപാര രം​ഗത്ത് വിജയ് ശ്രദ്ധയാകർഷിച്ച് കഴിഞ്ഞിരുന്നു. 

അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയാകെ ജനപ്രീതിയാർജിച്ച നടനാണ് വിജയ് ദേവരകൊണ്ട. ക്രാന്തി മഹാദേവ് സംവിധാനം ചെയ്ത വേൾഡ് ഫെയ്മസ് ലവ്വറാണ് വിജയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പുരി ജ​ഗന്നാഥ് സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്ഷൻ ത്രില്ലർ ചിത്രം ലി​ഗറിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായി നിർമിക്കുന്ന ചിത്രം ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ഒരുക്കുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

content highlights : Vijay Devarakonda has entered the multiplex business with Asian Vijay Devarakonda Cinemas