കൊച്ചി: ഏറെക്കാലമായി ഒളിവിലായിരുന്നെങ്കിലും ഒടുവിൽ കണ്ടെത്തി. അതും സസ്പെൻഷൻ കാലയളവിൽ. ഡിവൈ.എസ്.പി. അശ്വകുമാറാണ് സർവീസിലെ ഏറ്റവും മോശം സമയമായി കരുതുന്ന സസ്പെൻഷൻ കാലയളവിൽ തന്റെ ഉള്ളിൽ ഒളിച്ചിരുന്ന ഗാനരചയിതാവിനെ പിടികൂടിയത്.

സാഹിത്യ രചനയിൽ താത്‌പര്യമുള്ള ആളായിരുന്നില്ല എറണാകുളം റൂറൽ നാർകോട്ടിക് ഡിവൈ.എസ്.പി. അശ്വകുമാർ കല്ലാഞ്ചേരിൽ. 10 വർഷത്തെ സർവീസ് കാലയളവിലോ, കോളേജ്-സ്കൂൾ പഠനകാലത്തോ ഒന്നും അദ്ദേഹം ഇത്തരത്തിൽ രചനകൾ നടത്തിയിരുന്നില്ല.

എന്നാൽ 2006-ലെ ഒന്നര വർഷത്തെ സസ്പെൻഷൻ കാലയളവ്. അന്നത്തെ പ്രത്യേക മാനസികാവസ്ഥ. അശ്വകുമാർ വെള്ളക്കടലാസിൽ പലതും കുത്തിക്കുറിച്ചു. അതൊരു പാട്ടായി മാറുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. എന്നാൽ സസ്പെൻഷൻ കാലാവധി കഴിഞ്ഞപ്പോഴേക്കും നിരവധി അയ്യപ്പഭക്തിഗാനങ്ങൾ അദ്ദേഹത്തിന്റെ കൈപ്പടയിൽ പൂർത്തിയായി. ഇവ ആൽബമായി പ്രസിദ്ധീകരിക്കുകയും ഇതിന് മികച്ച അഭിപ്രായം ലഭിക്കുകയും ചെയ്തു. പിന്നാലെ പ്രസാധകരുടെ താത്‌പര്യപ്രകാരം രണ്ട് വോള്യത്തിനായി നിരവധി അയ്യപ്പഭക്തിഗാനങ്ങൾ അദ്ദേഹം എഴുതി നൽകി.

ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ, ആൽബം ഗാനങ്ങൾ, സിനിമാ ഗാനങ്ങൾ തുടങ്ങി ഇരുനൂറിലേറെ പാട്ടുകൾ അദ്ദേഹം ഇക്കാലംകൊണ്ട് പൂർത്തിയാക്കി. പി. ജയചന്ദ്രൻ, വേണുഗോപാൽ, സുധീപ് കുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ വരികൾക്കു ശബ്ദം നൽകുകയും ചെയ്തു. അശ്വകുമാർ ഗാനരചന നിർവഹിച്ച രണ്ട് സിനിമകൾ റിലീസ് ചെയ്യാനുണ്ട്. മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി അഭിലാഷ് രാഘവൻ സംവിധാനം ചെയ്യുന്ന ശർക്കര കൊണ്ടൊരു തുലാഭാരം, ഓർമപ്പൂക്കൾ എന്നീ സിനിമകളാണ് പുറത്തിറങ്ങാനുള്ളത്.

കോവിഡ് കാലത്ത് ക്രമസമാധാന പരിപാലനത്തിനൊപ്പം കവിതാരചനയിലും ഗാനരചനയിലും ആക്ടീവാണ് ഈ ഡിവൈ.എസ്.പി. കോവിഡ് കാലത്ത്‌ കോഴിക്കോട് റൂറൽ പോലീസ്, തൃശ്ശൂർ സിറ്റി വനിതാ സെൽ, കേരള സംസ്ഥാന ഹോം ഗാർഡ് എന്നിവർക്കായി തീം സോങ്ങുകൾ രചിച്ചു. വിജിലൻസിൽ ജോലി ചെയ്യുമ്പോൾ വിജിലന്റ് കേരളയെ കുറിച്ചും തീം സോങ് എഴുതിയിരുന്നു. ഇത്തരത്തിൽ പോലീസ് ഡിപ്പാർട്ട്‌മെന്റിനായി നിരവധി പാട്ടുകളാണ് അശ്വകുമാർ രചിച്ചത്.

വയലാർ ദിനത്തിൽ പ്രസിദ്ധീകരിക്കാനായി ‘ഓർമയിലെ വയലാർ’ എന്ന പേരിൽ ഒരു പാട്ടും അദ്ദേഹം എഴുതിയിരുന്നു. അർജുനൻ മാസ്റ്ററുടെ മകൻ അശോക് അർജുനൻ സംഗീതം നൽകിയ ഈ ഗാനം ഭാരതി തമ്പുരാട്ടിക്കും മകൻ വയലാർ ശരത്‌ ചന്ദ്ര വർമയ്ക്കും മുന്നിൽ സമർപ്പിക്കാനും അശ്വകുമാറിനു കഴിഞ്ഞു.

പൂവാർ ഹയർ സെക്കൻഡറി സ്കൂളിൽ എൽ.ഡി. ക്ലാർക്കായി ഔദ്യോഗിക ജീവിതം തുടങ്ങിയ അശ്വകുമാർ 1996-ലാണ് പോലീസ് സർവീസിൽ പ്രവേശിക്കുന്നത്. തിരുവനന്തപുരം തിരുവല്ലം സ്വദേശിയാണ്. സ്വപ്നയാണ് അശ്വകുമാറിന്റെ ഭാര്യ.

Content Highlights: Ashwin Kumar DYSP Fromm Kerala Police