Photo | Facebook, Asha sharath
അന്തരിച്ച നടൻ ജി.കെ പിള്ളയ്ക്ക് ആദരാഞ്ജലികൾ നേർന്ന് നടി ആശാ ശരത്. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ഇരുവരും അച്ഛനും മകളുമായി അഭിനയിച്ചിരുന്നു. കുങ്കുമപ്പൂവിലെ പ്രൊഫസര്‍ ജയന്തിയുടെ അച്ഛൻ തനിക്ക് സ്വന്തം അച്ഛൻ തന്നെയാണെന്നും അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായ നഷ്ടവും വേദനയുമാണെന്ന് ആശാ ശരത്ത് കുറിച്ചു.
"അച്ഛൻ എന്ന് മാത്രമേ ഞാൻ വിളച്ചിട്ടുള്ളൂ..തനിക്ക് പിറക്കാതെ പോയ മകൾ എന്ന നിലയിലാണ് അദ്ദേഹം എന്നെ സ്നേഹിച്ചത്.. കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയുടെ അച്ഛൻ എനിക്ക് സ്വന്തം അച്ഛൻ തന്നെയാണ്. അദ്ദേഹത്തിന്റെ വേർപാട്, അതു കൊണ്ടുതന്നെ എനിക്ക് വ്യക്തിപരമായ നഷ്ടവും വേദനയുമാകുന്നു.. പ്രണാമം.."ആശയുടെ കുറിപ്പിൽ പറയുന്നു.
വെള്ളിയാഴ്ച്ച രാവിലെയായിരുന്നു ജി.കെ പിള്ള(97) അന്തരിച്ചത്. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
1954-ല്‍ സ്നേഹസീമയെന്ന ചിത്രത്തിലൂടെ മലയാളസിനിമാലോകത്തെ സ്ഥിരം സാന്നിധ്യമായിരുന്നുവെങ്കിലും മലയാളികള്‍ പിളളയെ നെഞ്ചേറ്റിയത് കുങ്കുമപ്പൂവ് എന്ന മെഗാസീരിയലിലെ പ്രൊഫസര്‍ ജയന്തിയുടെ അച്ഛന് കേണല്‍ ജഗന്നാഥ വര്‍മ എന്ന കഥാപാത്രത്തോടെയാണ്. മകള്‍ക്കൊപ്പം നിഴലുപോലെ നില്ക്കുന്ന ആ അച്ഛന് പഴയകാല പ്രേംനസീര്‍ സിനിമകളിലെ സ്ഥിരം വില്ലനായിരുന്നുവെന്നത് ചരിത്രം. പട്ടാള ജീവിതം ഉപേക്ഷിച്ചായിരുന്നു സിനിമയിലേക്കുളള പിളളയുടെ അരങ്ങേറ്റം.
തുണയായത് നാട്ടുകാരനും കളിക്കൂട്ടുകാരനുമായ പ്രേംനസീറുമായുളള ബന്ധവും. പിന്നീട് നസീര്‍ നായകനായ സിനിമകളില്‍ പിളള വില്ലനായി. വടക്കന്‍പാട്ട് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായി. പിളളയുടെ ശരീരപ്രകൃതി അതിനേറെ സഹായിച്ചു. ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ വാള്‍പ്പയറ്റും മല്ലയുദ്ധവും കുതിര സവാരിയുമൊക്കെ നടത്തിയിരുന്ന തികഞ്ഞ അഭിനേതാവായിരുന്നു പിളള.എണ്‍പതുകളുടെ അവസാനം വരെ സിനിമകളില്‍ സജീവമായിരുന്ന പിളള മിനിസ്ക്രീനിലൂടെയാണ് ഉജ്ജ്വലമായ രണ്ടാംവരവ് നടത്തുന്നത്. കടമറ്റത്ത് കത്തനാരായിരുന്നു ആദ്യ ടെലിവിഷന്‍ സീരിയല്‍. പിന്നീട് കുങ്കുമപ്പൂവിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു.
Content Highlights : Asha Sharath remembering GK Pillai Kumkumapoovu serial
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..