പിതാവിന്റെ വിയോഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ആശ ശരത്. ആ അച്ഛന്റെ മകളായി പിറന്നതില്‍ അഭിമാനിക്കുന്നുവെന്നും ഇനിയൊരു ജന്മമുണ്ടെങ്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായി തന്നെ തനിക്ക് ജനിക്കണമെന്നും ആശ പറയുന്നു. അച്ഛനെ അനുസ്മരിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നടി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

ആശ ശരത്തിന്റെ വാക്കുകള്‍:

അച്ഛന്‍ പോയി.  എന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛന്‍. ജീവിക്കാന്‍ കൊതിയായിരുന്നു അച്ഛന് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷേ ഇന്ന് ഞാനറിയുന്നു, അല്ല അച്ഛന്‍ നിറഞ്ഞു നില്‍ക്കുന്ന പഞ്ചഭൂതങ്ങള്‍ എന്നോട് പറയുന്നു അത് കൊതിയായിരുന്നില്ല. 

നരകാഗ്നിക്ക് തുല്യം മനസ്സ് വെന്തുരുകിയപ്പോള്‍, ശ്വാസം നിന്ന് പോയി എന്ന് തോന്നിയപ്പോള്‍,  അവിടെ നിന്നും എന്നെയും അമ്മയെയും കൈ പിടിച്ചു മുന്‍പോട്ടു നയിക്കാനായിരുന്നു അച്ഛന്‍ ജീവിക്കാന്‍ കൊതിച്ചത്. ഞാന്‍ കണ്ട ഏറ്റവും സാര്‍ത്ഥകമായ ജീവിതം. ഒരു വടവൃക്ഷമായി പടര്‍ന്നു പന്തലിച്ച് , അവസാന ശ്വാസം വരെ ഉറ്റവരെയും ഉടയവരെയും കൈ പിടിച്ചു നയിച്ച് , ഒരു തിന്മയ്ക്കു മുന്നിലും അണുവിട പോലും പിന്തിരിയാതെ, എന്നും തല ഉയര്‍ത്തിപ്പിടിച്ചു സ്വന്തം കര്‍മധര്‍മങ്ങള്‍ നൂറു ശതമാനവും ചെയ്തു തീര്‍ത്തു അദ്ദേഹം അരങ്ങൊഴിഞ്ഞു. 

ഹൃദയം പിളര്‍ക്കുന്ന വേദനയിലും ഞാന്‍ അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായി പിറന്നതില്‍.  ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായി തന്നെ എനിക്ക് ജനിക്കണം. അച്ഛാ സുഖമായി, സന്തോഷമായി വിശ്രമിക്കു ആ ദേവപാദങ്ങളില്‍. ബാക്കിയായ രംഗങ്ങള്‍ ആടിത്തീര്‍ത്തു, കടമകള്‍ ചെയ്തു തീര്‍ത്തു, ദൈവഹിതമനുസരിച്ചു സമയമാകുമ്പോള്‍ ഞാനുമെത്താം.  അതുവരെ അച്ഛന്‍ പകര്‍ന്നു തന്ന വെളിച്ചത്തില്‍ ഞാന്‍ മുന്നോട്ടു പോട്ടെ. ഏറ്റവും ഭാഗ്യം ചെയ്ത ഒരു മകളായി എന്നെ അനുഗ്രഹിച്ചതിനു ഞാന്‍ നന്ദി പറയട്ടെ. നൂറായിരം ഉമ്മകള്‍.

Content Highlights: Asha Sharath actress father Krishnankutty passed away