മ്മൂട്ടിക്കും തെന്നിന്ത്യൻ താരം അർജുനും ഒപ്പം വീണ്ടും ശ്രദ്ധേയ വേഷം അവതരിപ്പിക്കാൻ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടി ആശ ശരത്. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രപരമ്പരകളായ സി.ബി.ഐ. സീരീസിലൂടെ മമ്മൂട്ടിയുടെ നായികയാവുകയാണ് ആശ. കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ. പരമ്പരയുടെ അഞ്ചാം ഭാഗത്തിലാണ് ആശ മമ്മൂട്ടിയുടെ നായികയാവുന്നത്.

സ്വർഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റുകൾ നിർമ്മിച്ച സ്വർഗ്ഗചിത്ര അപ്പച്ചൻ പതിന്നാല് വർഷത്തിന് ശേഷമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അഞ്ചാം പതിപ്പിനും എസ്.എൻ. സ്വാമി തന്നെയാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ., നേരറിയാൻ സി.ബി.ഐ. എന്നീ ഹിറ്റുകൾക്ക് ശേഷമാണ് കെ. മധു അഞ്ചാം പതിപ്പ് സംവിധാനം ചെയ്യുന്നത്.

കോവിഡ് പ്രതിസന്ധികൾ മാറിയാൽ ചിങ്ങം ഒന്നിന് ചിത്രീകരണം എറണാകുളത്ത് ആരംഭിക്കുമെന്നാണ് സൂചന. ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുകയാണെന്ന് സംവിധായകൻ കെ. മധു പറഞ്ഞു. മമ്മൂട്ടി, മുകേഷ്, രഞ്ജി പണിക്കർ, സൗബിൻ, സായ്കുമാർ എന്നിവർക്ക് പുറമെ ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ.

സംവിധായകൻ കണ്ണൻ താമരക്കുളം തെന്നിന്ത്യൻ താരം അർജുൻ സർജയെ നായകനാക്കി മലയാളത്തിലും തമിഴിലും ഒരുക്കുന്ന വിരുന്ന് എന്ന പുതിയ ചിത്രത്തിലും ആശ ശരത്താണ് കേന്ദ്രകഥാപാത്രം. ദിലീപ് നായകനായ ജാക് ആൻറ് ഡാനിയേലിനു ശേഷം അർജ്ജുൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ആശ ശരത്തിൻറെ കഥാപാത്രത്തിലൂടെയാണ് വിരുന്നിൻറെ കഥ വികസിക്കുന്നത്. ദിനേശ് പള്ളത്തിൻറേതാണ് കഥ, തിരക്കഥ, സംഭാഷണം.

ചിത്രത്തിൻറെ അണിയറപ്രവർത്തനങ്ങൾ പൂർത്തിയായതായി സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു. ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറിയാലുടൻ ചിത്രീകരണം ആരംഭിക്കും. മുകേഷ്, അജു വർഗ്ഗീസ്, ഹരീഷ് പേരടി, ബൈജു എന്നിവർക്ക് പുറമെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ബി.കെ. ഹരിനാരായണൻ , റഫീക്ക് അഹമ്മദ് എന്നിവരുടേതാണ് ഗാനരചന.

അഭിനയ സാധ്യതയുള്ള രണ്ട് ചിത്രങ്ങളുടെ ഭാഗമാകാൻ കഴിയുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ആശ ശരത്ത് പറഞ്ഞു. പ്രത്യേകിച്ച് രാജ്യത്തെ ചലച്ചിത്ര ആസ്വാദകർ ഏറെ ആരാധിക്കുന്ന രണ്ട് സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ. മമ്മൂക്കയോടൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. ഏറെ ആരാധനയോടെ നോക്കിക്കാണുന്ന താരമാണ് മമ്മൂക്ക. അർജ്ജുനെയും ഞാൻ വളരെ ബഹുമാനത്തോടെ കാണുന്ന താരമാണ്. ഭാഗ്യം കൊണ്ട് ഈ സ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ ഒത്തിരി സന്തോഷമുണ്ടെന്നും ആശ ശരത്ത് പറയുന്നു.

Content Highlights :Asha Sarath to act with Mammootty and Arjun Sarja