ന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും എവിടെയാണെങ്കിലും കണ്ടുപിടിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് നടി ആശാ ശരത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോ വലിയ ചര്‍ച്ചയായി മാറിയിരുന്നു. കെ.കെ രാജീവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പുതിയ ചിത്രം 'എവിടെ'യുടെ പ്രമോഷന്റെ ഭാഗമായിരുന്നു ആ വീഡിയോ. ചിത്രത്തില്‍ ആശ അവതരിപ്പിക്കുന്ന കഥാപാത്രമായ ജെസ്സിയുടെ ഭര്‍ത്താവ് സക്കറിയയെ കാണാതെ പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

എന്നാല്‍ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പലരും ആശയുടെ യഥാര്‍ഥ ഭര്‍ത്താവിനെയാണ് കാണാതായതെന്ന് തെറ്റിദ്ധരിക്കുകയും ആശയുടെ ഭര്‍ത്താവ് ശരത്തിന്റെ ചിത്രമുള്‍പ്പടെയുള്ള  വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. പിന്നാലെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പങ്കുവച്ചതിന് ആശയ്‌ക്കെതിരേ അഭിഭാഷകനായ ശ്രീജിത്ത് പെരുമന പരാതി നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് ആശാ ശരത്. അത് തീര്‍ത്തും പ്രമോഷന്റെ ഭാഗമായി ചെയ്ത വീഡിയോ ആയിരുന്നുവെന്നും ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആശ മാതൃഭൂമി ഡോട് കോമിനോട് വ്യക്തമാക്കി.

അത് വെറും പ്രമോഷണല്‍ വീഡിയോ ആണ്, ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടതില്‍ വിഷമമുണ്ട്

അത് റെക്കോഡ് ചെയ്ത വീഡിയോ ആയിരുന്നു. തീര്‍ത്തും പ്രൊമോഷന്റെ ഭാഗമായി ചെയ്ത ഒരു വീഡിയോ. അതിന് 'എവിടെ' പ്രൊമോഷണല്‍ വീഡിയോ എന്ന് നമ്മള്‍ ഹെഡിങ്ങും കൊടുത്തിരുന്നു. അത് മാത്രമല്ല വീഡിയോയുടെ അവസാനം 'എവിടെ' എന്ന് എഴുതിക്കാണിക്കുന്നുമുണ്ട്. പിന്നെ അതില്‍ ഞാന്‍ പറഞ്ഞതൊന്നും എന്റെ കാര്യങ്ങള്‍ അല്ലല്ലോ. എന്റെ ഭര്‍ത്താവിന്റെ ശരത് എന്നാണെന്നും വര്‍ഷങ്ങളായി ദുബായില്‍ ജീവിക്കുന്നവര്‍ ആണെന്നും എന്റെ പേജില്‍ ഉള്ളവര്‍ക്കൊക്കെ അറിയാവുന്നതാണ്. 

പടത്തിന്റെ പ്രൊമോഷന്‍ മാത്രം ലക്ഷ്യം വച്ച് കൊണ്ടുള്ള വീഡിയോ ആണ്. അതിലെ എന്റെ കഥാപാത്രം ജെസി വന്നു സംസാരിക്കുന്ന പോലെയാണ് ഞാന്‍ ആ വീഡിയോ ചെയ്തിട്ടുള്ളത്. അല്ലാതെ ആശാ ശരത് സംസാരിക്കുന്നത് പോലെ അല്ല. അതുകൊണ്ടാണല്ലോ അതിന്റെ അവസാനം 'എവിടെ' എന്ന് എഴുതിക്കാണിക്കുന്നത്.

ഞാന്‍ പറയുന്ന കാര്യമാണെങ്കില്‍ അങ്ങനെ എഴുതിക്കാണിക്കേണ്ട കാര്യമില്ലല്ലോ, ഞാന്‍ പറയുന്ന കാര്യമാണെങ്കില്‍ സക്കറിയയെ കുറിച്ചല്ലല്ലോ ശരത്തിനെ കുറിച്ചല്ലേ പറയേണ്ടത്. ഈ സിനിമ കാണുമ്പോള്‍ അറിയാം എന്തായിരുന്നു അങ്ങനെ ഒരു വീഡിയോയുടെ പശ്ചാത്തലം എന്ന്. ഇടുക്കിയില്‍ നടക്കുന്ന ഒരു കഥയാണ്. പക്കാ നാട്ടിന്‍പുറത്തുകാരിയാണ് അതിലെ ജെസി. ആ വീഡിയോയില്‍ ഉള്ള ലുക്ക് പോലും ജെസിയുടേതാണ്. ഭയങ്കര ഡള്‍ മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ആ വീഡിയോ പൂര്‍ണമായും കണ്ടവര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ടാകും അതൊരു പ്രൊമോഷണല്‍ വീഡിയോ മാത്രമാണെന്ന്. പക്ഷേ പെട്ടെന്ന് ഇങ്ങനൊരു വീഡിയോ കണ്ടപ്പോള്‍ എന്നെ സ്‌നേഹിക്കുന്ന ചിലരെങ്കിലും തെറ്റിദ്ധരിച്ചു എന്നറിഞ്ഞതില്‍ സങ്കടമുണ്ട്.

വ്യാജപ്രചരണങ്ങള്‍ തടയാനാവില്ല

ശരത്തിന്റെ ഫോട്ടോ ഒക്കെ വച്ച് കാണാതായി എന്നുള്ള തരത്തിലും പല കള്ളപ്രചാരണങ്ങളും നടക്കുന്നുണ്ട്. അങ്ങനെ ഫോട്ടോ വച്ച് പ്രചരിപ്പിക്കുന്നതിനെ കുറിച്ചൊന്നും നമ്മള്‍ ആകുലപ്പെട്ടിട്ട് കാര്യമില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. അവരുടെ കയ്യില്‍ ഫോണ്‍ ഇരിക്കുന്നു. അവര്‍ എന്തും ചെയ്യുന്നു. അതൊന്നും നമുക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ല. ഞാന്‍ അതൊന്നും ശ്രദ്ധിക്കാറേയില്ല. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഭയങ്കര ആക്റ്റീവ് ആയിട്ടുള്ള ആളല്ല.. എന്റെ പടത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് അങ്ങനെ ഒരു വിഡിയോ ചെയ്തത് തന്നെ. ആ പടം എന്ന് പറയുന്നത് അതാണ്. ജെസി എന്ന കഥാപാത്രം അവരുടെ കാണാതെ പോയ ഭര്‍ത്താവിനെ കുറിച്ച് നടത്തുന്ന അന്വേഷണങ്ങളാണ്.

എനിക്കൊരു പ്രശ്‌നം ഉണ്ടെങ്കില്‍ ഞാനിങ്ങനെ വീഡിയോ ആയി വരേണ്ട ആവശ്യമുണ്ടോ?. ഫെയ്സ്ബുക്കിലൂടെ അല്ലലോ ആദ്യം പോലീസിലല്ലേ ഞാന്‍ അറിയിക്കേണ്ടത്. ഞാന്‍ കട്ടപ്പനക്കാരി അല്ല എന്റെ ഭര്‍ത്താവിന്റെ പേര് സക്കറിയ എന്നല്ല, എന്റെ ഭര്‍ത്താവ് ഇന്‍സ്ട്രുമെന്റസ് വായിക്കുന്ന ആളല്ല. ഇതെല്ലം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ.. ഞാന്‍ ആരെയും തെറ്റിദ്ധരിപ്പിച്ചിട്ടില്ലല്ലോ. വീഡിയോ തുടങ്ങുന്നത് തന്നെ എവിടെ എന്ന ഹെഡിങ് ഇട്ടിട്ടാണ്. വീഡിയോ അവസാനിക്കുന്നതും എവിടെയുടെ ടൈറ്റില്‍ എഴുതിയക്കാണിച്ചിട്ടാണ്. 

പക്ഷേ ആ വീഡിയോ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാനായിട്ട് എഡിറ്റ് ചെയ്തു പലരും പ്രചരിപ്പിച്ചിട്ടുണ്ട്. അതിലൊന്നും നമുക്ക് ഒന്നും ചെയ്യാനാവില്ല.. അത് ഞങ്ങളുടെ എവിടെ ടീം ഒരുമിച്ച് തീരുമാനിച്ച് ചെയ്ത ഒരു വീഡിയോ ആയിരുന്നു. മാര്‍ക്കറ്റിങ് എന്ന രീതിയില്‍ തന്നെയാണ് ചെയ്തിട്ടുള്ളത്. അതില്‍ തെറ്റിദ്ധാരണ പരത്തുന്ന എന്തെങ്കിലും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. 

ഭര്‍ത്താവിന്റെ പേര് ഉള്‍പ്പടെ ആണ് കാര്യങ്ങള്‍ പറയുന്നത്. പേര് സക്കറിയ എന്നാണെന്നും ഡ്രംസ് ഒക്കെ വായിക്കുന്ന ആളാണെന്നുമെല്ലാം പറയുന്നുണ്ട്. എവിടെ ആണെന്നുള്ളതാണ് ഇപ്പോഴത്തെ ടെന്‍ഷന്‍ എന്നൊക്കെ എടുത്തെടുത്ത് പറയുന്നുണ്ട്. ആദ്യം ഒരു പത്തു മിനിറ്റ് നേരത്തേക്ക് എന്തോ ഒരു കണ്‍ഫ്യൂഷ്യന്‍ വന്നു എന്ന് തോന്നിയപ്പോള്‍ എവിടെ പ്രൊമോഷണല്‍ വീഡിയോ എന്ന് തലക്കെട്ടും കൊടുത്തു.. അതൊന്നും തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്തതല്ല.

'എവിടെ' വലിയൊരു ഉത്തരവാദിത്തമാണ്

ഞാന്‍ പടം കണ്ടിട്ട് വന്നതോയുള്ളൂ. ഭയങ്കര സമാധാനത്തോടെ ആണ് ചിത്രം കണ്ടിറങ്ങിയത്. ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണത്. അതൊരു വലിയ ഉത്തരവാദിത്തമാണ്. അതിന്റെ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു എനിക്ക്. പക്ഷേ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നല്ല സിനിമയെ ഏറ്റെടുക്കുന്നവര്‍ ഒരുപാടുണ്ട്. അതില്‍ വളരെ സന്തോഷം. 

പ്രത്യേകിച്ച് ഇതൊരു കുടുംബചിത്രമാണ്. ഇപ്പോഴത്തെ കാലത്ത് കണ്ടിരിക്കേണ്ട ചിത്രം കൂടിയാണ്.. അതില്‍ ഭാര്യാ-ഭര്‍തൃ ബന്ധം ഉണ്ട്. അച്ഛന്‍ മകന്‍ ബന്ധം ഉണ്ട്, അമ്മ-മകന്‍ ബന്ധമുണ്ട്, അമ്മായിയച്ഛനു- മരുമകളും തമ്മിലുള്ള ബന്ധം ഉണ്ട്. ഇതെല്ലം വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുമുണ്ട്. സ്‌നേഹത്തിന്റെ കഥ പറയുന്ന ഒരു സിനിമയാണ്. ചെറിയൊരു സിനിമ ആണെങ്കിലും വലിയൊരു സന്ദേശം ഈ ചിത്രത്തിനകത്തുണ്ട്. 

ജെസിയെ ഏറെ ഇഷ്ടപ്പെടുന്നു

എന്തെങ്കിലും വ്യത്യാസമുള്ള  കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കാറുള്ളത്. അതിനാണ് ശ്രമിക്കാറുള്ളത്. പക്ഷേ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തയാണ് 'എവിടെ'യിലെ ജെസി. അനുരാഗികരിക്കിന്‍ വെള്ളത്തിലെ സുമ അങ്ങനെ ഒരു കഥാപാത്രമാണ്. സുമ പക്ഷേ, ഒരു നാട്ടിന്‍പുറത്തുകാരി അല്ല. ഒരു പാവം കഥാപാത്രം ആണ്. ജെസി എന്ന് പറഞ്ഞാല്‍ തനി നാട്ടിന്‍പുറത്തുകാരി ആണ്. നൈറ്റി ഒക്കെ ഇട്ട് എവിടെയും പോകുന്ന ഒരു കഥാപാത്രം . അതൊന്നും അവള്‍ക്ക് ഒരു വിഷയമേയല്ല. അങ്ങനെ കുറേ നാട്ടിന്‍പുറത്തെ കഥാപാത്രങ്ങളെ നമ്മള്‍ കണ്ടിട്ടില്ലേ.

ഏലം പറിച്ചും, മക്കളെ നോക്കിയും ജീവിക്കുന്ന ഒരു സാധാരണ സ്ത്രീ. അവളുടെ ഭര്‍ത്താവിനെ കാണാതാവുകയാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ നമുക്ക് എവിടെയോ നിന്നൊരു ധൈര്യം വരില്ലേ.. അവിടെ വിദ്യാഭ്യാസമോ ലോകപരിചയമോ ഒന്നുമല്ല, നമ്മള്‍ കൈവരിക്കുന്ന ഒരു കരുത്താണ്, ഭര്‍ത്താവിനെ കണ്ടുപിടിക്കണം എന്ന ഒരു ആഗ്രഹം മാത്രമാണ് മുന്നിട്ട് നില്‍ക്കുക. അങ്ങനെ തന്റെ ഭര്‍ത്താവിനെ കണ്ടുപിടിക്കാന്‍ രണ്ടും കല്പിച്ചു ജെസി മുന്നിട്ടിറങ്ങുന്നതാണ് ഈ സിനിമ. ആ ധൈര്യമൊന്നും അവളുടെ സ്ഥായി സ്വഭാവമല്ല. അങ്ങനെ ഉണ്ടെന്നു വരുത്തിത്തീര്‍ക്കുന്നതാണ്. സാഹചര്യങ്ങള്‍ കൊണ്ട് അവള്‍ ആര്‍ജിക്കുന്ന കരുത്താണ്.

എവിടയോ ഒന്ന് രണ്ട് സ്ഥലത്ത് മാത്രമേ അവള്‍ കരയുന്നുള്ളൂ.. അത്രയധികം പിടിച്ചുനില്‍ക്കുന്ന ഒരു കഥാപാത്രം. അതെനിക്ക് വലിയൊരു ചാലഞ്ചിങ് കഥാപാത്രം തന്നെയാണ്. എനിക്കേറെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് ജെസി. നമ്മള്‍ ജീവിതത്തില്‍ ഒരുപാട് കണ്ടിട്ടുണ്ടാകും ഇതുപോലുള്ള ജെസിമാരെ. പിന്നെ ടെലിവിഷന്‍ രംഗത്തെ സൂപ്പര്‍ സംവിധായകന്റെ സംവിധാനത്തില്‍ ബോബി-സഞ്ജയുടെ തിരക്കഥയിലും ഒരുങ്ങിയ ഒരു ചിത്രം. അതിലെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം.... 

Content Highlights : Asha Sarath On Controversies Evidey Movie Promotion Video Asha Sarath Malayalam Actress Evidey Movie