തൃപ്പൂണിത്തുറ: ചലച്ചിത്ര പ്രത്യേക ജൂറി പുരസ്‌കാരത്തിനര്‍ഹനായ ബാലതാരം അശാന്ത് കെ.ഷായെ കാണാന്‍ സിനിമാതാരം മണികണ്ഠന്‍ ഗാന്ധിസ്‌ക്വയറിലെ വീട്ടിലെത്തിയത് ഒരു സൈക്കിളുമായിട്ടായിരുന്നു. അശാന്തിന് സൈക്കിള്‍ സമ്മാനിച്ചുകൊണ്ട് മണികണ്ഠന്‍ കെട്ടിപ്പിടിച്ചപ്പോള്‍ ബാലതാരത്തിന് എന്തെന്നില്ലാത്ത സന്തോഷം. പഠിക്കുന്ന തൃപ്പൂണിത്തുറ ഗവ. ആര്‍.എല്‍.വി. യു.പി. സ്‌കൂളിലും വെള്ളിയാഴ്ച ആഘോഷമായിരുന്നു.

കുട്ടികള്‍ക്കെല്ലാവര്‍ക്കും പാല്‍പ്പായസം വിളമ്പിയാണ് ടീച്ചര്‍മാര്‍ അശാന്തിന്റെ അംഗീകാരം ആഘോഷിച്ചത്. ഇവിടത്തെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അശാന്ത് കെ.ഷാ. ബിജു ബര്‍ണാഡ് സംവിധാനം ചെയ്തിട്ടുള്ള 'ലാലിബേല' എന്ന സിനിമയിലെ അഭിനയത്തിനാണ് അശാന്തിന് പ്രത്യേക ജൂറി പുരസ്‌കാരം. ഈ സിനിമയില്‍ തമ്പു എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയ അശാന്ത് തന്റെ പ്രതീക്ഷകളും കവച്ചുവച്ച അഭിനയമാണ് കാഴ്ചവച്ചതെന്ന് ബിജു ബര്‍ണാഡ് പറഞ്ഞു.

അശാന്തിന് പ്രത്യേക ജൂറി പുരസ്‌കാരമുണ്ടെന്നറിഞ്ഞ് വീട്ടിലെത്തിയ സിനിമാതാരം മണികണ്ഠനും സന്തോഷം. 'കഴിഞ്ഞ വര്‍ഷം എനിക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോള്‍ ആഘോഷം ഈ വീട്ടുമുറ്റത്തായിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു സംസ്ഥാന പുരസ്‌കാരം കൂടി തൃപ്പൂണിത്തുറയ്ക്ക് എത്തിയില്ലേ. അത് ആഘോഷിേക്കണ്ടേ' എന്നു പറഞ്ഞാണ് മണികണ്ഠന്‍ സൈക്കിള്‍ അശാന്തിന് സമ്മാനിച്ചത്. അശാന്തിന്റെ അച്ഛനും നാടകനടനും നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാടക്' ജില്ലാ സെക്രട്ടറി കൂടിയായ സാബു കെ. മാധവന്റെ കൂട്ടുകാരനാണ് മണികണ്ഠന്‍.

അശാന്തിന്റെ പൂണിത്തുറ ഗാന്ധി സ്‌ക്വയര്‍ കൊച്ചു തറയില്‍ വീട് വെള്ളിയാഴ്ച ആഘോഷത്തിലായപ്പോള്‍ പങ്കാളികളാകാന്‍ നാട്ടുകാരും  അനുമോദനങ്ങളുമായെത്തി. ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍' സിനിമയിലെ അഭിനയത്തിന് ദേശീയ-അന്തര്‍ ദേശീയ പുരസ്‌കാരവും മുമ്പ് അശാന്തിന് ലഭിച്ചിട്ടുണ്ട്.