ഷാരൂഖ് ഖാൻ, ആര്യൻ ഖാൻ
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ അറസ്റ്റ് ചെയ്ത മയക്കുമരുന്നു കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്) സഞ്ജയ് സിംഗ്. ഇന്ത്യ ടുഡേ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സഞ്ജയ് സിംഗ് കേസിനെക്കുറിച്ച് വിശദമായി സംസാരിക്കുന്നത്. കേസിന്റെ അന്വേഷണം പുരോഗമിക്കവേ ആര്യന് ഖാന് തന്നോട് അതിവൈകാരികമായ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും മനസ്സുതുറന്ന് സംസാരിച്ചുവെന്നും സഞ്ജയ് സിംഗ് പറയുന്നു. താന്‍ ഇത്രയും ശിക്ഷ അനുഭവിക്കാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ആര്യന് ഖാന് ചോദിച്ചുവെന്ന് സഞ്ജയ് സിംഗ് വ്യക്തമാക്കുന്നു.
'സര്, നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്നുവ്യാപാരിയായി ചിത്രീകരിച്ചു. ഞാന്‍ അതിന് പണം മുടക്കുന്നുവെന്ന് പറഞ്ഞു. എനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അസംബന്ധമല്ലേ? എന്റെ പക്കല്‍ മയക്കുമരുന്നു കണ്ടെത്തിയിട്ടില്ല, എന്നിട്ടും എന്നെ അറസ്റ്റ് ചെയ്തു. എന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തി. ഇത്രയും ആഴ്ച ജയിലില്‍ കിടക്കാന്‍ ഞാന്‍ എന്താണ് ചെയ്തത്. ഞാനിത് അര്‍ഹിച്ചിരുന്നോ'- ആര്യന് പറഞ്ഞതായി സഞ്ജയ് സിംഗ് വെളിപ്പെടുത്തുന്നു.
നടന് ഷാരൂഖ് ഖാനുമായുള്ള കൂടികാഴ്ചയെക്കുറിച്ചും സഞ്ജയ് സിംഗ് തുറന്ന് പറയുന്നു. ആര്യന് ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷവും ഷാരൂഖ് വളരെ ആശങ്കയിലായിരുന്നു. മകന്റെ മാനസികാരോഗ്യത്തെക്കുറിച്ചായിരുന്നു ഷാരൂഖിന്റെ ആകുലതകള്‍. ആര്യന് രാത്രികാലങ്ങളില്‍ ഉറക്കമില്ലെന്നും അതുകൊണ്ട് പലപ്പോഴും താന്‍ ഈ സമയങ്ങളിലെല്ലാം മകന്റെ മുറിയില്‍ സമയം ചെലവഴിക്കുകയാണെന്നും ഷാരൂഖ് പറഞ്ഞു. തങ്ങളെ കൊടുംകുറ്റവാളികളായും സമൂഹത്തെ നശിപ്പിക്കുന്ന ഭീകരന്മാരായും ചിത്രീകരിച്ചുവെന്ന് ഷാരൂഖ് പറഞ്ഞതായും സഞ്ജയ് സിംഗ് പറയുന്നു.
2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന് ഖാന് അടക്കമുള്ളവരെ എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ എന്‍.സി.ബി. സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയര്‍ന്നു. ആര്യന് ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കേസില്‍ അറസ്റ്റിലായി ജയിലില്‍ പോകേണ്ടിവന്ന ആര്യന് ഖാന്, ആഴ്ചകള്‍ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം കേസില്‍ ആര്യന് ഖാനെ കുറ്റവിമുക്തനാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..