ഡബര കപ്പലിലെ ലഹരി മരുന്ന്പാര്‍ട്ടി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. ആര്യന് വേണ്ടി നവരാത്രി ദിനത്തിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളുമായി കഴിയുകയാണ് അമ്മ ഗൗരി. മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം നിറവേറാനുള്ള പൂജകളും പ്രാർത്ഥനകളുമാണ് മകനായി ഗൗരി ഖാൻ അനുഷ്ഠിക്കുന്നതെന്നാണ് റിപ്പോർട്ട്.

ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച് ​ഗൗരി പ്രാർത്ഥനയിലാണെന്നും സങ്കടവും ദേഷ്യവും കാരണം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഷാരൂഖെന്നും താരങ്ങളോട് അടുത്ത വൃത്തങ്ങൾ‌ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 

ആര്യന് ഇന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും. എന്നാൽ ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജി വിധി പറയാൻ ഒക്ടോബര്‍ 20-ലേക്ക് മാറ്റി. 

തന്റെ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഇടക്കിടെ മന്നത്തിലേക്ക്  വരരുതെന്ന് ഷാരൂഖ് നേരത്തെ അഭ്യർഥിച്ചിരുന്നു. താരങ്ങളെ കാണാൻ‌ മന്നത്തിന് മുന്നിൽ ആരാധകരും പാപ്പരാസികളും മാധ്യമങ്ങളും തടിച്ചുകൂടുന്നത് കണക്കിലെടുത്താണ് ഷാരൂഖ് ഇത്തരത്തിൽ തീരുമാനം എടുത്തത്. എന്നാൽ ഷാരൂഖിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സൽമാൻ ഖാൻ ഇതിനോടകം മൂന്ന് തവണ താരകുടുംബത്തെ സന്ദർശിച്ചിരുന്നു. ആര്യന്റെ അറസ്റ്റിന് പിന്നാലെ ആശ്വാസ വാക്കുകളുമായി ആ​ദ്യം ഷാരൂഖിനെയും കുടുംബത്തെയും സന്ദർശിച്ചതും സൽമാൻ ആണ്. 

അതേസമയം, ഷാരൂഖിന്റെ പുതിയ ചിത്രങ്ങളായ പത്താന്റെയും അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയുടെയും ചിത്രീകരണം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. 

Content Highlights : Aryan Khan Arrest Gauri Khan Constantly praying during Navratri  Shah Rukh Khan avoid celebrations