തെന്നിന്ത്യന്‍ സിനിമയിലെ പുതിയ താരദമ്പതികളാണ് ആര്യയും സയേഷ സൈഗാളും. മാര്‍ച്ച് 9 ന് ഹൈദരാബാദില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനുശേഷം സിനിമയില്‍ സജീവമാണ് ഇരുവരും. കെ.വി ആനന്ദ് ഒരുക്കിയ കാപ്പാന്‍ എന്ന ചിത്രമാണ് ഇരുവരുടെയും പുതിയ റിലീസ്. സൂര്യ നായകനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കാപ്പന്റെ പ്രചരണവുമായി ബന്ധപ്പെട്ട ഒരഭിമുഖത്തില്‍ ആര്യ സയേഷയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സു തുറന്നു. ഗജനികാന്ത് എന്ന ചിത്രത്തിന് ശേഷമാണ് ഇവര്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഒരുമിച്ച് അഭിനയിക്കുന്ന അവസരത്തില്‍ തങ്ങള്‍ക്കിടയില്‍ പ്രണയം ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ആര്യ.

ഗജനികാന്തിന് ശേഷമാണ് ഞങ്ങള്‍ പ്രണയത്തിലാകുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ പ്രണയിച്ചിട്ടില്ല. സയേഷയ്ക്ക് എന്നെക്കാള്‍ പ്രായം കുറവാണ്. പക്ഷേ നല്ല പക്വതയുള്ള പെണ്‍കുട്ടിയാണവള്‍. അതിലുപരി എല്ലാവരോടും വിനയത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്ന ഒരാളാണ്. ഈ പ്രായത്തില്‍ സയേഷയ്ക്ക് ഇത്രയും പക്വത ഏങ്ങനെ ലഭിച്ചുവെന്നോര്‍ത്ത് പലപ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്. സയേഷയുടെ അമ്മ അവളെ അങ്ങനെയാണ് വളര്‍ത്തിയിരിക്കുന്നത് എന്ന് തോന്നുന്നു. 

ഞങ്ങള്‍ വ്യത്യസ്തമായ കുടുംബ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന രണ്ടു വ്യക്തികളാണ്. എന്നിരുന്നാലും വളരെ പെട്ടന്നാണ് സയേഷ എന്റെ കുടുംബാംഗങ്ങളുമായി അടുത്തത്. അവള്‍ എന്നെയും എന്റെ കുടുംബത്തെയും നന്നായി സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. 

റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തങ്ങളുടെ പ്രണയത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് ആര്യ പറഞ്ഞു.

മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ആര്യ പറഞ്ഞു. 

കെ.വി ആനന്ദ് സാര്‍ എനിക്ക് നല്‍കിയ ഭാഗ്യമാണ് കാപ്പാന്‍. കാരണം മറ്റൊന്നുമല്ല മോഹന്‍ലാല്‍, സൂര്യ തുടങ്ങിയ മികച്ച നടന്‍മാര്‍ക്കൊപ്പം എനിക്ക് അഭിനയിക്കാന്‍ സാധിച്ചു. ഇവരുടെ സിനിമകള്‍ തിയ്യറ്ററിലും ടിവിയും കാണുന്ന പോലെ അല്ലായിരുന്നു വ്യത്യസ്തമായ അനുഭവമായിരുന്നു അത്. 

മോഹന്‍ലാല്‍ സാര്‍ അധികം തമിഴ് സിനിമകള്‍ ചെയ്തിട്ടില്ല. മലയാളത്തില്‍ എഴുതിയാണ് അദ്ദേഹം സംഭാഷണങ്ങള്‍ പഠിച്ചിരുന്നത്. എന്നെ സംബന്ധിച്ച് ഈ ചിത്രം ഒരു പാഠപുസ്തകമായിരുന്നു-ആര്യ കൂട്ടിച്ചേര്‍ത്തു. 

Content Highlights: Arya talks about falling in love with Sayyeshaa, marriage, controversy, Kaappaan, suriya, Mohanlal