ള്‍മാറാട്ടം നടത്തി പണം തട്ടുന്ന കേസ് നമ്മുടെ രാജ്യത്ത് പുത്തരിയല്ല. സോഷ്യല്‍ മീഡിയ വഴി പണം നഷ്ടപ്പെട്ട് വഞ്ചിക്കപ്പെട്ടവരുടെ കഥ നിത്യവും കേള്‍ക്കാറുണ്ട്. സൈബര്‍ തട്ടിപ്പിനെ ആസ്പദമാക്കി ധാരാളം സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. ജി പ്രജിത്ത്‌ സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രം അത്തരത്തിലുള്ള സൈബര്‍ തട്ടിപ്പിനെക്കുറിച്ചായിരുന്നു. ചെന്നൈയില്‍ കഴിഞ്ഞ ദിവസം രണ്ടുപേര്‍ അറസ്റ്റിലായത് ഇതേ മോഡല്‍ തട്ടിപ്പിന് തന്നെ. 

വടക്കന്‍ സെല്‍ഫിയില്‍ മരിച്ചുപോയ ഹരിനാരായണനായാണ് ആള്‍മാറാട്ടം നടത്തിയതാണെങ്കില്‍ ഇവിടെ പ്രശസ്ത സിനിമാതാരം ആര്യയായി ചമഞ്ഞായിരുന്നു തട്ടിപ്പ്. ബാക്കിയെല്ലാം സിനിമാ സ്റ്റെലില്‍ തന്നെ. 

സിനിമയില്‍, കവിതകളെ സ്‌നേഹിക്കുന്ന ഡെയ്‌സി എന്ന പെണ്‍കുട്ടി ഹരിനാരായണനുമായി സൗഹൃദത്തിലാകുന്നു. പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ഹരിനാരായണ്‍ നിരന്തരം സംസാരിക്കുന്നു. അയാളുടെ കഥ കേട്ട് മനസ്സലിയുന്ന ഡെയ്‌സി തന്റെ കയ്യിലുള്ള പണം അയാള്‍ക്ക് നല്‍കുന്നു. അയാളെ വിവാഹം ചെയ്യുന്നത് സ്വപ്‌നം കണ്ട ഡെയ്‌സ് ചെന്നൈയിലേക്ക് വണ്ടി കയറുന്നു. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത് ഹരിനാരായണന്റെ വീട്ടിലെത്തുമ്പോള്‍ അവിടെ കാണുന്നത് അയാളുടെ കുടുംബം ഹരിനാരയണന്റെ ശ്രാദ്ധം നടത്തുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ഒരു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്ത ഹരിനാരായണനുമായാണ് ആറ് മാസം മുന്‍പ് താന്‍ പ്രണയത്തിലായതെന്ന് ഡെയ്‌സി അറിയുന്നത് അപ്പോഴാണ്. ക്ലൈമാക്‌സില്‍ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ജോണ്‍ മാത്യു ഭാസ്‌കര്‍ ഒടുവില്‍ പോലീസിന്റെ പിടിയിലാകുന്നുണ്ട്.

ഇതേ തട്ടിപ്പു തന്നെയാണ് ആര്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹുസൈനും മുഹമ്മദ് അര്‍മാനും നടപ്പാക്കിയത്. ആര്യയായി വേഷമിട്ട് ജര്‍മനിയില്‍ താമസിക്കുന്ന യുവതിയെ പ്രണയക്കുരുക്കില്‍ വീഴ്ത്തി വിവാഹ വാഗ്ദാനം നല്‍കി തട്ടിയെടുത്തത് 70 ലക്ഷം രൂപയോളമായിരുന്നു.

Arya cyber case is similar to Oru Vadakkan Selfie movie plot two arrested in Chennai
അറസ്റ്റിലായ മുഹമ്മദ് അര്‍മാനും മുഹമ്മദ് ഹുസൈനും

2019 ലായിരുന്നു ആര്യയും നടി സയേഷയും തമ്മിലുള്ള വിവാഹം. അതോടെ യുവതി ശരിക്കും തകര്‍ന്നുപോയി. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്യയായി ചമഞ്ഞ തട്ടിപ്പുകാര്‍ പറഞ്ഞത്, സയേഷയുടെ മാതാപിതാക്കള്‍ തന്റെ കടങ്ങള്‍ വീട്ടിയാല്‍ അവരെ വിവാഹമോചനം ചെയ്യാമെന്നായിരുന്നു. യുവതി അതും വിശ്വസിച്ചു. രണ്ട് വര്‍ഷത്തോളം കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ യുവതി ഒടുവില്‍ പോലീസില്‍ പരാതി നല്‍കുകയും ചാറ്റ് ചെയ്തതിന്റെ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. ആര്യയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെയാണ് സംഭവം വാര്‍ത്താശ്രദ്ധ നേടുന്നത്. നേരത്തേ 'എങ്ങ വീട്ടു മാപ്പിളൈ' എന്ന വിവാഹ റിയാലിറ്റി ഷോ നടത്തിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടനാണ് ആര്യ. കേസില്‍ നടന്റെ പേര് വന്നതോടെ തട്ടിപ്പുകാരന്‍ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചിലര്‍ വലിയ പ്രചരണമാണ് അഴിച്ചു വിട്ടത്. പോലീസിന് മുന്നില്‍ ആര്യ തന്റെ നിരപരാധിത്വം ബോധിപ്പിച്ചു. തന്റെ പേരില്‍ ആരെങ്കിലും യുവതിയെ പറ്റിച്ചതാകാമെന്ന സാധ്യതയും നടന്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ ഇന്‍സ്‌പെക്ടര്‍ ഗീതയുടെ നേതൃത്വത്തിലുള്ള സൈബര്‍ പോലീസ് പ്രതികള്‍ക്കായി വലവിരിച്ചു. സിനിമാ കഥയിലെ ജോണ്‍ ഭാസ്‌കറെപ്പോലെ മുഹമ്മദ് അര്‍മാനും മുഹമ്മദ് ഹുസൈനും ഒടുവില്‍ കുടുങ്ങി.

Content Highlights: Arya cyber case arrest, Oru Vadakkan Selfie movie