ഭാര്യയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡിനെതിരേ സന്ദേശവുമായി സംവിധായകന്‍ അരുണ്‍രാജ കാമരാജ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യ സിന്ധുജ കോവിഡിനെ തുടര്‍ന്ന് മരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അരുണും കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡിനെ നിസ്സാരമായി കരുതുന്ന പ്രവണത ഒഴിവാക്കണമെന്നും തന്റെ കണ്‍മുന്നിലാണ് ഭാര്യയുടെ ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം പറയുന്നു.

ഒന്നുകില്‍ ബുദ്ധിശൂന്യമായ ധൈര്യം, അല്ലെങ്കില്‍ അനാവശ്യ ഭയം. ഇത് രണ്ടും നിങ്ങളെ അപകടത്തില്‍ എത്തിക്കും. നമ്മളെല്ലാവരും ഒരു പൊതുശത്രുവിനെതിരേയുള്ള പോരാട്ടത്തിലാണ്. ജാഗ്രതയോടെ പെരുമാറാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. സ്വന്തം ജീവന് വിലകൊടുക്കാതെ ആഹോരാത്രം പ്രയത്‌നിക്കുന്ന കോവിഡ് പോരാളികളുണ്ട്. അവരോടുള്ള കടമ ചെയ്യൂ. സിന്ധുജയുടെ ജീവന്‍ നഷ്ടമായി. മറ്റൊരാള്‍ക്കും ഈ ഗതി വരരുത്. അവളുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ച  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. നമുക്ക് ഒരുമിച്ച് അതിജീവിക്കാം- അരുണ്‍രാജ കുറിച്ചു. 

പിസ സിനിമയില്‍ ഗാനരചയിതാവായാണ് അരുണ്‍രാജ തന്റെ കരിയര്‍ ആരംഭിക്കുന്നത്. അറ്റ്‌ലീ ചിത്രം രാജാ റാണിയിലൂടെ അഭിനയ രംഗത്തും അരുണ്‍രാജ അരങ്ങേറ്റം കുറിച്ചു. മരഗദ നാണയം, നട്പുന എന്നാന്ന് തെരിയുമ, കാ പെ രണസിംഗം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ശിവകാര്‍ത്തികേയന്‍ ചിത്രം കനായിലൂടെയാണ് സംവിധായകനാവുന്നത്. രജനി ചിത്രം കബാലിയിലെ 'നെരുപ്പ് ഡാ' എന്ന ഗാനം എഴുതിയതും പാടിയിരിക്കുന്നതും അരുണ്‍രാജയാണ്.

Content Highlights: Arunraja Kamaraj's heartfelt note after his wife's demise Covid Pandemic sidhuja arunraja