യെന്നൈ അറിന്താലില്‍ വില്ലനായി കസറിയ അരുണ്‍ വിജയ് ആയിരിക്കും പ്രേമത്തിനുശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രത്തിലെ നായകന്‍. അല്‍ഫോണ്‍സും അരുണ്‍ വിജയും ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ ഗൗതം മേനോന്‍ ചിത്രമായ യെന്നൈ അറിന്താലിലെ വില്ലന്‍ വേഷം തന്നെയാണ് അരുണിന് പുത്രന്റെ ചിത്രത്തിലേയ്ക്കുള്ള വഴി തെളിച്ചത്. അരുണിനൊപ്പം മുഖ്യവേഷത്തില്‍ മലയാളത്തിലെ മറ്റൊരു പ്രധാന നടനും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നടന്‍ വിജയകുമാറിന്റെ മകനായ അരുണ്‍ ഇതിനോടകം തന്നെ രാംചരണിനൊപ്പം ബ്രൂസ്‌ലീയിലൂടെ തെലുങ്കിലും പുനിത് രാജ്കുമാറിന്റെ പുതിയ ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചശഷഷമാണ് മലയാളത്തിലും ഒരു കൈ നോക്കാന്‍ ഒരുങ്ങുന്നത്.

തമിഴില്‍ ബോബി സിംഹ, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം നാല് ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുള്ള അല്‍ഫോണ്‍സ് പുത്രന്റെ നേരവും പ്രേമവും തമിഴ്‌നാട്ടില്‍ വന്‍ ഹിറ്റായിരുന്നു. പ്രേമത്തിന്റെ റീമേക്ക് വൈകാതെ തന്നെ തമിഴിലും തെലുങ്കിലും ഇറങ്ങും. വന്‍ തുകയ്ക്കാണ് ഇതിന്റെ പകര്‍പ്പവകാശം വിറ്റുപോയിരിക്കുന്നത്.