പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ബോക്‌സ് ഓഫീസില്‍ വിജയിക്കാതെ പോയതിന്റെ കാരണം താന്‍ തന്നെയെന്ന് വെളിപ്പെടുത്തി സംവിധായകൻ അരുണ്‍ ഗോപി. ബിഹൈന്റ്‌വുഡ്‌സ് ഐസിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

'സിനിമ വിജയിക്കാതെ പോയതിന് പ്രധാനപ്പെട്ട കാരണം ഞാനാണ്.' അരുണ്‍ ഗോപി പറയുന്നു. 'ഞാനെന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു. വേണ്ടത്ര ശ്രദ്ധകൊടുക്കാന്‍ സാധിച്ചില്ല. സമയം തികയാതെ പോയി. ഒരു സംവിധായകനെന്ന നിലയില്‍ റിലീസിനോടനുബന്ധിച്ച് ഞാന്‍ തന്നെ എടുക്കേണ്ട ചില തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാതെ പോയി. പൂര്‍ണമായും എന്റെ മാത്രം തെറ്റുകൊണ്ടാണ് അതു വിജയിക്കാതെ പോയിട്ടുണ്ടാകുക. പൂര്‍ണ പിന്‍തുണയോടെ എല്ലാ സൗകര്യങ്ങളും ചെയ്തു തന്നിരുന്ന ഒരു നിര്‍മ്മാതാവ്, ഞാന്‍ എന്തു പറഞ്ഞാലും അതിനൊപ്പം നില്‍ക്കുന്ന നായകന്‍, ക്രൂ എല്ലാം എന്റെ കൈകളില്‍ തന്നെയായിരുന്നു. ആ സിനിമ വിജയിക്കാഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്റേതാണ്.' അത് അവകാശപ്പെട്ട് ആരു വന്നാലും താന്‍ സമ്മതിക്കില്ലെന്നും അരുണ്‍ ഗോപി പറയുന്നു.

പ്രണവ്, സായ ഡേവിഡ്, ഗോകുല്‍ സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം നിര്‍മ്മിച്ചത് ടോമിച്ചന്‍ മുളകുപാടമായിരുന്നു. ജനുവരി 25നാണ് ചിത്രം റിലീസായത്.

Content Highlights: Arun Gopy says he is the reason behind the bad success of Irupathiyonnam noottandu movie