രു താരപുത്രന്റെ മകനൊപ്പം ജോലി ചെയ്യുന്ന പ്രതീതിയൊന്നും പ്രണവ് മോഹന്‍ലാലിനൊപ്പം ജോലി ചെയ്യുമ്പോള്‍ ഉണ്ടായിരുന്നില്ല എന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ഗോപി മനസ്സു തുറന്നത്. പ്രണവിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കിയ 21ാം നൂറ്റാണ്ട് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സിനിമയുടെ വിശേഷങ്ങളും അദ്ദേഹം പങ്കുവയ്ച്ചു. 

'യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. ഒരു താരപുത്രന്‍ ആണെന്ന് നമുക്ക് തോന്നില്ല. ഞങ്ങളില്‍ ഒരാളായിരുന്നു പ്രണവ്. അദ്ദേഹം എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഒരാളാണ്. ശാന്തപ്രകൃതമുള്ള വ്യക്തിയാണ്. ബഹളമൊന്നുമില്ല, എന്നാല്‍ ഇഷ്ടമുള്ളവരോട് കൂടുതല്‍ സംസാരിക്കും. 

ഒരു കാര്യത്തിലും വാശിയില്ല. ഉദാഹരണത്തിന് ഞങ്ങള്‍ ഒരിക്കല്‍ വാഗമണില്‍ ചിത്രീകരണത്തിന് പോയപ്പോള്‍ അപ്പുവിനോട് ചോദിച്ചു. 'നമുക്ക് ഡിന്നര്‍ കഴിച്ചാലോ' എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു 'അതെ കഴിക്കുന്നത് നല്ലതാണ് അല്ലേ'. ഇനിയിപ്പോള്‍ കഴിക്കേണ്ട അല്ലേ എന്ന് ചോദിച്ചപ്പോള്‍ അപ്പു പറഞ്ഞു, 'കഴിച്ചില്ലെങ്കിലും കുഴപ്പമില്ല' . ശരിക്കും കഴിക്കണോ വേണ്ടയോ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ, 'കഴിച്ചാല്‍ നല്ലതാണ്, കഴിച്ചില്ലേലും കുഴപ്പമില്ല'. ഇങ്ങനെയാണ് പ്രണവിന്റെ ഓരോ രീതികളും.

അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുമ്പോള്‍ സമയം പോകുന്നത് അറിയില്ല. അപ്പുവിന് കുരുത്തക്കേടുകള്‍ ഉണ്ടാക്കുന്ന ഒരുപാട് കളികള്‍ അറിയാം. അക്കുത്തിക്കു താനയുടെ എല്ലാം ഏറ്റവും മോഡേണ്‍ വേര്‍ഷന്‍ പോലും അപ്പുവിന് അറിയാം. അവിടെ സെറ്റിലുള്ളവരെയെല്ലാം പലതരം കളികള്‍ പഠിപ്പിച്ചിട്ടുണ്ട്.  ചുരുക്കത്തില്‍ പറയാം, ഒരു നല്ല സഹജീവിയാണ്. 

സിനിമ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ അപ്പു ഇവിടെയൊന്നും ഇല്ല. എവിടെയോ ആണ്. ഫോണില്‍ ഒന്നും വിളിച്ചാല്‍ കിട്ടില്ല- അരുണ്‍ ഗോപി പറഞ്ഞു

അഭിമുഖത്തിന്റെ പൂര്‍ണരൂപം

 

Content Highlights: arun gopy interview, irupathiyonnam noottandu, pranav mohanlal