ന്യൂഡല്‍ഹി: ദേശീയോദ്ഗ്രഥന ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ വെന്നിക്കൊടി പാറിച്ച വിഖ്യാത ബോളിവുഡ് താരവും സംവിധായകനുമായ മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവന കണക്കിലെടുത്താണ് ഭരത് കുമാര്‍ എന്ന് ബോളിവുഡ് വിളിച്ചിരുന്ന മനോജ് കുമാറിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 1992 ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അബോട്ടാബാദില്‍ ജനിച്ച മനോജ് കുമാര്‍ വിഭജനത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് കുടിയേറി. 

1957 ല്‍ ഫാഷന്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 1960 ല്‍ പുറത്തിറങ്ങിയ കാഞ്ച് കി ഗുഡിയ എന്ന ചിത്രത്തിലൂടെ നായകനിരയിലേക്ക് കടന്നു. ഹരിയാലി ഔര്‍ രാസ്ത, വോ കോന്‍ തി, ദോ ബദന്‍ എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തെ ബോളിവുഡില്‍ നായകനിരയില്‍ പ്രതിഷ്ഠിച്ചു. 1960 കളില്‍ റൊമാന്റിക് ചിത്രങ്ങളായ ഹണിമൂണ്‍, അപ്ന ബനാകെ ദേക്കോ, നഖ്‌ലി നവാബ് തുടങ്ങിയ ചിത്രങ്ങളിലും നായകനായി തിളങ്ങി. ഭഗത് സിങ്ങിന്റെ ജീവിതം ആസ്പദമാക്കി 1965 ല്‍ എടുത്ത ഷഹീദിലൂടെയാണ് ദേശഭക്തി വിളിച്ചോതുന്ന ചിത്രങ്ങളിലേക്ക് അദ്ദേഹം കടക്കുന്നത്. 

1965 ല്‍ ഇന്ത്യ-പാക് യുദ്ധത്തിന് പിന്നാലെ ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം ആസ്പദമാക്കി ഒരു ചിത്രമെടുക്കാന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കര്‍ഷകനായും സൈനികനായും ഇരട്ടവേഷത്തില്‍ മനോജ്കുമാര്‍ അഭിനയിച്ച ഉപകാര്‍ എന്ന ചിത്രവുമായാണ് ശാസ്ത്രിയുടെ ആഗ്രഹം അദ്ദേഹം നിറവേറ്റിയത്. മനോജ്കുമാറിന്റെ മാസ്റ്റര്‍ പീസ് ചിത്രവും അദ്ദേഹം സംവിധാനം നിര്‍വഹിച്ച ഉപകാറാണ്. മേരേ ദേശ് കി ധര്‍ത്തി എന്ന ഗാനം ഈ ചിത്രത്തിലെയാണ്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഉപകാറിന് ലഭിച്ചു. 

പുരബ് ഔര്‍ പശ്ചിമം, ശോര്‍ എന്നീ ദേശഭക്തി തുളുമ്പുന്ന ചിത്രങ്ങളും അദ്ദേഹം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കി. ലത മങ്കേഷ്‌കറും മുകേഷ് ചേര്‍ന്ന് ആലപിച്ച എക് പ്യാര്‍ കാ നഗ്മ ഹെ എന്ന വിഖ്യാതം ഗാനം ശോറിലെയാണ്. 1974-ല്‍ പുറത്തിറങ്ങിയ റോട്ടി, കപ്ഡ ഔര്‍ മക്കാന്‍ എന്ന ചിത്രത്തില്‍ മനോജ് കുമാറിനൊപ്പം സീനത്ത് അമന്‍, ശശി കപൂര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയ താരനിരയുണ്ടായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി അദ്ദേഹം സംവിധാനം ചെയ്ത ക്രാന്തിയില്‍ ആരാധനാപാത്രമായ ദിലീപ്കുമാറിനൊപ്പം വേഷമിട്ടു. ജാട് പഞ്ചാബി എന്ന ചിത്രത്തിലും അഭിനയിച്ചു. 

ക്രാന്തിക്ക് ശേഷം അദ്ദേഹത്തിന് കാര്യമായ വിജയങ്ങളുണ്ടായില്ല. 1995 ല്‍ മൈതാന്‍ ഇ ജങ് എന്ന ചിത്രത്തോടെ അദ്ദേഹം അഭിനയരംഗത്തോട് വിടപറഞ്ഞു. ഷാരൂഖ് ഖാന്റെ ഓം ശാന്തി ഓമിലെ നായക കഥാപാത്രം യഥാര്‍ഥത്തില്‍ മനോജ് കുമാറിന്റെ ജീവിതം തന്നെയാണ് അനാവരണം ചെയ്തത്. സിനിമ വിട്ട മനോജ്കുമാര്‍ ശിവസേനയിലൂടെ രാഷ്ട്രീയത്തിലും അദ്ദേഹമെത്തി. 

വിവിധ മേഖലകളിലായി 13 തവണ ഫിലിംഫെയര്‍ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി.