'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി സംവിധായകന്‍ ആര്‍.എസ്. ബിമല്‍. വയനാട് പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

 ഹമീദ് ചേന്ദമംഗലൂര്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ നിഷേധിക്കുന്നു. ബി.പി. മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ കേവലം ഒരു സിനിമയില്‍ ഒതുങ്ങുന്നതല്ല. ഈ പരിമിതിയില്‍നിന്നുകൊണ്ട് പരമാവധി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. മൊയ്തീന്‍ മുക്കത്തെ ഹീറോയാണ്. സിനിമയില്‍ പറയാത്ത ഒരുപാടുകഥകള്‍ അദ്ദേഹത്തിനുണ്ട്. ഇക്കാര്യങ്ങളെല്ലാം പലരുമായി ചര്‍ച്ചചെയ്താണ് സിനിമയിലേക്ക് കടന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ആരോപണങ്ങള്‍ മറ്റെന്തോ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ്. ഒരുതരത്തിലും അത് തങ്ങളെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 തങ്ങളുടെ ബന്ധുവെന്ന് അവകാശപ്പെട്ട് ചേന്ദമംഗലൂര്‍ നടത്തുന്ന ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ബി.പി. മൊയ്തീന്റെ സഹോദരന്‍ ബി.പി. റഷീദ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പറയാന്‍ അദ്ദേഹത്തിന് യാതൊരു അവകാശവുമില്ല. കാഞ്ചനയ്ക്കും സിനിമയെ സംബന്ധിച്ച് ഒരു അഭിപ്രായവ്യത്യാസവും ഇല്ല.

 ഈ സിനിമ തനിക്ക് വാക്കുകള്‍ക്ക് അതീതമായ വൈകാരികതയാണ് സമ്മാനിച്ചതെന്നും റഷീദ് പറഞ്ഞു. റഷീദിന്റെ മകനും സിനിമയിലെ ബാലനടനുമായ റോഷനും മുഖാമുഖത്തില്‍ പങ്കെടുത്തു.
 എസ്. വിനേഷ്!കുമാര്‍ അധ്യക്ഷതവഹിച്ചു. കെ.എ. അനില്‍കുമാര്‍ സ്വാഗതവും കെ.ആര്‍. അനൂപ് നന്ദിയും പറഞ്ഞു.