ചെക്ക് തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേലിനെതിരേ അറസ്റ്റ് വാറണ്ട്. അജയ് കുമാര്‍ സിങ് എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള പലിശയിടപാട് കേന്ദ്രത്തില്‍ നിന്നും രണ്ടരക്കോടി രൂപ അമീഷയും ബിസിനസ് പങ്കാളിയായ കുനാലും ചേര്‍ന്ന് വായ്പ എടുത്തിരുന്നു. 

2018-ല്‍ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ്  ഇരുവരും പണം വായ്പ എടുത്തത്. എന്നാല്‍ ചിത്രം റിലീസായില്ല. തുടര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട കുനാലിന് അമീഷ മൂന്ന് കോടി രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങി. ഇതോടെയാണ് അമീഷയ്ക്കെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് അജയ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 

പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള തന്‍റെ കോളുകള്‍ അമീഷയും കുനാലും അവഗണിച്ചുവെന്നും താനയച്ച വക്കീല്‍ നോട്ടീസിനോട് ഇരുവരും പ്രതികരിച്ചില്ലെന്നും അജയ് പറയുന്നു. തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം താരത്തിനെതിരേ അജയ് റാഞ്ചി കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോള്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.  

മറ്റൊരു തട്ടിപ്പ് കേസും താരത്തിനെതിരേ റാഞ്ചി കോടതിയില്‍ നിലവിലുണ്ട്. പണം കൈപ്പറ്റിയ ശേഷം പങ്കെടുക്കാമെന്ന് ഏറ്റ പരിപാടിയില്‍ അമീഷ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ഒരു ഇവന്‍റ് കമ്പനി ഈ വര്‍ഷം ഫെബ്രുവരിയില്‍ താരത്തിനെതിരേ നിയമനടപടിയുമായി രംഗത്ത് വന്നിരുന്നു.

Content Highlights : Arrest warrant against Bollywood Actress Ameesha Patel