ടന്‍ അര്‍ജുനെതിരേ നടി ശ്രുതി ഹരിഹരന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി അർജുന്റെ മകളും നടിയുമായ ഐശ്വര്യ രംഗത്ത്. 

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രുതി മീ ടൂ കാമ്പയിന്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ഐശ്വര്യ പറഞ്ഞു. 

ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം?  ശ്രുതിയേപ്പോലുള്ളവര്‍ മീ  ടൂ കാമ്പയിന്റെ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്-ഐശ്വര്യ പറഞ്ഞു.

അരുണ്‍ വൈദ്യനാഥന്‍ ഒരുക്കിയ നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ ആരോപണം. അണിയറ പ്രവര്‍ത്തകരുടെ മുന്‍പില്‍ വച്ചാണ് സംഭവം നടന്നതെന്ന് ശ്രുതി പറഞ്ഞിരുന്നു. 

റിഹേഴ്‌സലിന്റെ സമയത്ത് മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അര്‍ജുന്‍ ആലിംഗനം ചെയ്തുവെന്നും അത് തന്നില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തി. 

 അച്ഛന്‍ മിക്കപ്പോഴും ഞങ്ങളുമായി തിരക്കഥയൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്. ആ ചിത്രത്തില്‍ അച്ഛന് താല്‍പര്യമില്ലാത്ത ഒരു പ്രണയരംഗമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാന്‍ സംവിധായകന്‍ തയ്യാറാണെങ്കില്‍ മാത്രമേ സിനിമയില്‍ അഭിനയിക്കൂ എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അച്ഛന്റെ അഭിപ്രായം സംവിധായകന്‍ സ്വീകരിക്കുകയും ചെയ്തു. ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാണ് ആ രംഗം ചിത്രീകരിച്ചത്-ഐശ്വര്യ വ്യക്തമാക്കി.

ശ്രുതിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് അര്‍ജുന്‍ രംഗത്ത് വന്നിരുന്നു. നടിക്കെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും അര്‍ജുന്‍ വ്യക്തമാക്കി. നിബുണന്റെ സംവിധായകന്‍ അര്‍ജുന് പിന്തുണയുമായി രംഗത്ത് വന്നപ്പോള്‍ നടന്‍ പ്രകാശ് രാജ്, നടി ശ്രദ്ധാ ശ്രീകാന്ത് എന്നിവര്‍ ശ്രുതിക്ക് പിന്തുണ പ്രഖ്യാപിച്ചു. 

Content Highlights: arjuns daughter Aishwarya Arjun slams sruthi hariharan for me too nibunan movie