ബോണി കപൂറുമായുള്ള പിണക്കം മറന്ന് മകന് അര്ജുന് കപൂര്‍ അര്ധസഹോദരികളായ ജാന്‍വിക്കും ഖുശിക്കും സഹോദരനായി മാറിയത് നടി ശ്രീദേവിയുടെ മരണശേഷം വലിയ ചര്‍ച്ചയായിരുന്നു. ശ്രീദേവി ജീവിച്ചിരിക്കുമ്പോള്‍ സഹോദരിമാരുമായി അര്ജുന് യാതൊരു തരത്തിലുള്ള ബന്ധമുണ്ടായിരുന്നില്ല. അച്ഛനോടും മാനസികമായ അകല്‍ച്ചയിലായിരുന്നു. നേരത്തേ നല്കിയ അഭിമുഖങ്ങളില്‍ അര്ജുന് ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇന്ന് വ്യക്തിബന്ധങ്ങളെക്കുറിച്ച് തന്റെ കാഴ്ചപ്പാട് മാറിയെന്ന് തുറന്ന് പറയുകയാണ് അര്ജുൻ. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍, ശ്രീദേവിയുടെ മരണശേഷം അച്ഛനും സഹോദരങ്ങളുമായുള്ള ബന്ധത്തില്‍ വന്നമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ അർജുൻ പറഞ്ഞത് ഇങ്ങനെ:
എനിക്ക് ഉത്തരം പറയാന്‍ എളുപ്പമല്ല, അഥവാ പറഞ്ഞാലും അതു വ്യക്തമാക്കാനാവില്ല. അത് എന്റെ മാത്രം തീരുമാനമായിരുന്നില്ല. എനിക്കും എന്റെ അനുജത്തി അന്‍ഷുലയ്ക്കും പെട്ടന്ന് അങ്ങനെ തോന്നുകയായിരുന്നു. അതായിരുന്നു അതിന്റെ ശരിയായ സമയം-അര്ജുന് പറഞ്ഞു.
അമ്മ മോന കപൂര്‍ ആയിരുന്നു അര്ജുന് കപൂറിന് എല്ലാം. അമ്മയെ ഉപേക്ഷിച്ച് അച്ഛന് ശ്രീദേവിയെ വിവാഹം കഴിക്കുമ്പോള്‍ അര്ജുന് 11 വയസ്സായിരുന്നു പ്രായം. ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കരുതാന്‍ അര്ജുന് ഇഷ്ടമല്ലായിരുന്നു. കാന്‍സര്‍ ബാധിച്ച് 2005 ല്‍ അമ്മ മരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല.
ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നുമാണ് അര്ജുന് അക്കാലത്ത് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ശ്രീദേവിയുടെ മരണശേഷം കാര്യങ്ങളുടെ ഗതിമാറി. മരണവാര്‍ത്ത അറിഞ്ഞ ഉടനെ അര്ജുന് ദുബായിലേക്ക് പറന്നു. ഷൂട്ടിങ് നിര്‍ത്തിവച്ച് മുംബൈയിലെത്തി ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ അച്ഛനെ സഹായിക്കുകയും ചെയ്തു.
അര്ജുന് മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകള്‍ നിറവേറ്റിയപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുകയായിരുന്നു അനിയത്തി അന്‍ഷുല. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.
Content Highlights: Janhvi And Khushi Dine With Brother Arjun And Dad Boney Kapoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..