Photo | Instagram, Arjun Kapoor
അമ്മ മോന ഷൂരിയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് താരം അർജുൻ കപൂർ.
"ജന്മദിനാശംസകൾ അമ്മ. എന്റെ ഫോണിൽ അമ്മയുടെ പേര് കാണുന്നത് ഞാൻ മിസ് ചെയ്യുന്നു. വീട്ടിൽ അമ്മയുടെ അടുത്തേക്ക് തിരിച്ചെത്തുന്നത് ഞാൻ മിസ് ചെയ്യുന്നു. അമ്മയും അൻഷുലയും നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്നത് മിസ് ചെയ്യുന്നു. ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു അമ്മാ.. അമ്മയെ വിളിക്കുന്നത്, അമ്മയുടെ ഗന്ധം എല്ലാം മിസ് ചെയ്യുന്നു.. ഞാൻ പക്വതയില്ലാതെ പെരുമാറുമ്പോൾ എന്നെ പറഞ്ഞ് തിരുത്തുന്നത് മിസ് ചെയ്യുന്നു, ഒരു കുഞ്ഞായിരിക്കുന്നത് ഞാൻ മിസ് ചെയ്യുന്നു, അമ്മക്കൊപ്പം ചിരിക്കുന്നത് മിസ് ചെയ്യുന്നു, അമ്മ എന്റെയൊപ്പം ഉണ്ടായിരുന്നപ്പോൾ ഞാൻ പൂർണനായിരുന്നത് ഞാൻ മിസ് ചെയ്യുന്നു..
അമ്മയില്ലാതെ ഞാൻ പൂർണനല്ല, ദൂരെയിരുന്ന് ഞങ്ങളെ വീക്ഷിക്കുമ്പോൾ ഇപ്പോഴത്തെ ഈ ഞാൻ അമ്മയെ അഭിമാനം കൊള്ളിക്കുന്നുണ്ടെന്ന് തന്നെ ഞാൻ കരുതുന്നു..ഞാൻ നിങ്ങളെ സ്നേഹിക്കുന്നു..എന്ന് അമ്മയുടെ കുറവുകളുള്ള, സത്യസന്ധനായ, തടിച്ച കവിളുകളുള്ള മകൻ..ഒരിക്കൽ അധികം വൈകാതെ നമ്മൾ ഒന്നിച്ച് പുഞ്ചിരിക്കും, നമ്മൾ സന്തോഷത്തോടെയിരിക്കും, ഞാൻ അമ്മയുടെ കുഞ്ഞായി മാറും ..മറ്റൊന്നുമില്ല.."അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അർജുൻ കുറിച്ചു.
അമ്മ മോന ആയിരുന്നു അർജുൻ കപൂറിന് എല്ലാം. മോനയുമായി പിരിഞ്ഞ് പിതാവ് ബോണികപൂർ താരറാണി ശ്രീദേവിയെ വിവാഹം ചെയ്യുമ്പോൾ അർജുന് വെറും 11 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.
ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കാണാൻ അർജുന് ഇഷ്ടമല്ലായിരുന്നു. ക്യാൻസർ ബാധിച്ച് 2012 ൽ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാൻ അർജുനും സഹോദരി അൻഷുലയും തയ്യാറായില്ല. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാൻവിയും ഖുശിയും തന്റെ സഹോദരങ്ങൾ അല്ലെന്നുമാണ് അർജുൻ അഭിമുഖങ്ങളിൽ പറഞ്ഞത്. എന്നാൽ ശ്രീദേവിയുടെ മരണശേഷം കാര്യങ്ങളുടെ ഗതിമാറി. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിൽ മകനെ പോലെ ഓടി നടന്ന് കാര്യങ്ങൾ ചെയ്ത അർജുൻ അച്ഛനെയും തന്റെ സഹോദരങ്ങളെയും ചേർത്ത് നിർത്തി അവർക്ക് താങ്ങായി മാറി.
എന്റെ അമ്മ ഒരുപക്ഷേ ആഗ്രഹിച്ചിരുന്നതും ഇതു തന്നെയായിരിക്കും. കാരണം അമ്മ അച്ഛനെ വല്ലാതെ സ്നേഹിച്ചിരുന്നു. അദ്ദേഹം ദു:ഖിക്കുന്നത് കാണാൻ അവർ ആഗ്രഹിച്ചിരുന്നില്ല. കഷ്ടപ്പെടുന്ന അവസ്ഥയിൽ അദ്ദേഹത്തോടൊപ്പം ഞാൻ ഉണ്ടാകണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ടാകാം. അമ്മ വിട്ടുപോയപ്പോൾ ഞാൻ വല്ലാതെ തളർന്നു പോയി. അൻഷുലയുടെ സാന്നിധ്യമായിരുന്നു എനിക്കുണ്ടായിരുന്ന ഒരേയൊരു ആശ്വാസം- മാറിയ ജീവിതസാഹചര്യങ്ങളെക്കുറിച്ച് ഒരിക്കൽ അർജുൻ ഒരഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ.
Content Highlights : Arjun Kapoor heartfelt note on mother Mona Shouries death anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..