അച്ഛന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് ബോളിവുഡ് നടൻ അർജുൻ കപൂർ. നിർമാതാവ് ബോണി കപൂറിന് മോന ഷൂരിയിൽ ജനിച്ച മകനാണ് അർജുൻ. 1996 ൽ മോനയെ ഉപേക്ഷിച്ച് ബോണി താരറാണിയായിരുന്ന ശ്രീദേവിയെ വിവാഹം ചെയ്യുമ്പോൾ അർജുന് പതിനൊന്ന് വയസ് മാത്രമായിരുന്നു പ്രായം. പിന്നീട് അമ്മയും സഹോദരി അൻഷുലയുമായിരുന്നു അർജുന് എല്ലാം. മാതാപിതാക്കൾ വേർപ്പിരിഞ്ഞപ്പോൾ അച്ഛനുമായുള്ള തന്റെ ബന്ധത്തെ അത് ഏറെ ബാധിച്ചിരുന്നുവെന്ന് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ അർജുൻ പറയുന്നു.

"പ്രണയത്തിന്റെ കാര്യത്തിൽ അച്ഛൻ ഒരു തിരഞ്ഞെടുപ്പ് നടത്തി എങ്കിലും ഞങ്ങൾ എന്ത് തടസ്സങ്ങൾ നേരിട്ടാലും അച്ഛന്റെ പക്ഷത്തുണ്ടായിരിക്കണമെന്ന് അമ്മ എന്നോട് പറയാറുണ്ടായിരുന്നു. വീണ്ടും പ്രണയം കണ്ടെത്തിയതിൽ അച്ഛനോട് എനിക്ക് ബഹുമാനമുണ്ട്. കാരണം പ്രണയം എന്നത് സങ്കീർണമാണ്. ഈ 2021 ലും ഇവിടെയിരുന്ന് നിങ്ങൾക്ക് ഒരിക്കൽ മാത്രമേ പ്രണയം കണ്ടെത്താനാകൂ എന്ന് പറയുന്നത് എന്ത് ബാലിശമാണ്.

ഇതെല്ലാം പൊരുത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്, അവിടെ സൗഹൃദമുണ്ടാവും, പൂർണതയുണ്ടാവും. നിർഭാഗ്യകരമായ നിരാശയുണ്ടാകും, നിങ്ങൾക്ക് ആരുമായും പ്രണയത്തിലാകാം, ചിലപ്പോൾ അതിനു ശേഷം മറ്റൊരാളോട് പ്രണയം തോന്നാം, ഇതെല്ലാം മനസ്സിലാക്കേണ്ടതുണ്ട്.

എന്റെ അച്ഛൻ ചെയ്തതിൽ എനിക്കു കുഴപ്പമില്ലായിരുന്നു എന്നു പറയാൻ കഴിയില്ല. കാരണം കുട്ടിയായിരുന്നപ്പോൾ ഞാനതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചിട്ടുണ്ട്, പക്ഷേ എനിക്കത് മനസിലാക്കാനാകും. അത്തരം കാര്യങ്ങൾ സംഭവിക്കുന്നത് നല്ലതാണെന്ന് പറയാനാവില്ല, കാരണം ഞാനെപ്പോഴുംഅതേക്കുറിച്ച് അത്ഭുതപ്പെട്ടിരുന്നു. ഇന്ന് ബന്ധങ്ങളിലെ ഉയർച്ചതാഴ്ചകളെ കൈകാര്യം ചെയ്യുന്ന ഒരു മുതിർന്ന വ്യക്തിയെന്ന രീതിയിൽ, യുക്തിബോധത്തോടെ ചിന്തിക്കുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്.. നല്ലൊരു മകൻ ആകാനാണ് ഞാൻ ശ്രമിച്ചത്. കാരണം അതാണ് എന്റെ അമ്മയ്ക്ക് വേണ്ടിയിരുന്നത്.." അർജുൻ വ്യക്തമാക്കുന്നു,

2012 ലാണ് കാൻസർബാധിതയായി മോന മരിക്കുന്നത്. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാൻവിയും ഖുശിയും തന്റെ സഹോദരങ്ങൾ അല്ലെന്നുമാണ് അർജുൻ മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. എന്നാൽ ശ്രീദേവിയുടെ മരണശേഷം കാര്യങ്ങളുടെ ഗതിമാറി. മരണവാർത്ത അറിഞ്ഞ ഉടനെ അർജുൻ ദുബായിലേക്ക് പറന്നു. അർജുൻ ജാൻവിയെയും ഖുശിയെയും ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാൻ ബോണി കപൂറിനെ സഹായിക്കുകയും ചെയ്തു.

ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകൾ അർജുൻ നിറവേറ്റിയപ്പോൾ സഹോദരിമാർക്ക് താങ്ങും തണലുമായി നിൽക്കുകയായിരുന്നു അൻഷുല. അർജുന്റെയും അൻഷുലയുടെയും പിന്തുണയും സ്നേഹവും തനിക്കും മക്കൾക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂർ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പിൽ പറഞ്ഞിരുന്നു.

Content Highlights : Arjun Kapoor about Boney Kapoors Second marriage with Sridevi