സോഹൻ റോയ് | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരത്തെ ഏരീസ് പ്ലക്സ് തിയേറ്റർ അടച്ചുപൂട്ടുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടാണ് അടച്ചുപൂട്ടലിലേക്ക് വഴിവെച്ചതെന്ന് ഉടമ സോഹൻ റോയ്. ഏരീസിലേക്ക് മലയാളസിനിമകൾ നൽകില്ല എന്നാണ് അസോസിയേഷൻ നിലപാട്. മറ്റുവഴികളില്ലാത്തതുകൊണ്ടാണ് തിയേറ്റർ പൂട്ടുന്നതെന്ന് സോഹൻ റോയ് മാതൃഭൂമി ന്യൂസിനോടുപറഞ്ഞു.
നിർമാതാക്കളുടെ സംഘടന താലിബാനിസം നടപ്പാക്കുന്നുവെന്നും സോഹൻ റോയ് പ്രതികരിച്ചു. ഏരീസിൽ ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ലഭിച്ചിരിക്കുന്ന നിർദേശം. ജീവിതത്തിൽ ഒരിക്കലും ഇത്രയലും വലിയ ഒരു തീയേറ്റർ ഇംഗ്ലീഷ് സിനിമകൾ മാത്രം ഓടിച്ച് മുന്നോട്ടുകൊണ്ടപോകാനാവില്ല. അഡ്വാൻസ് വാങ്ങി ചാർട്ട് ചെയ്ത സിനിമകളുടെ പണം കഴിഞ്ഞദിവസം തിരിച്ചുനൽകേണ്ടിവന്നു. സ്റ്റാർ, ഡോക്ടർ തുടങ്ങിയ സിനിമകളൊന്നും പ്രദർശിപ്പിക്കാനായില്ല. ടിക്കറ്റ് തുകയെല്ലാം തിരികെ കൊടുക്കേണ്ടിവന്നു.
ഏരീസിന്റെ ബ്രാൻഡിങ് തീയേറ്ററായിരുന്നു തിരുവനന്തപുരത്തുള്ളത്. എല്ലാ നഗരങ്ങളിലും വ്യവസായരംഗങ്ങളിലുള്ളവരേക്കൊണ്ട് അവരുടെ ജന്മനാട്ടിൽ ഒരു തീയേറ്റർ പണി കഴിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഈയൊരു സംഭവത്തോടെ ഇനിയാർക്കും ഇങ്ങനെയൊരു രംഗത്തേക്ക് വരാൻ ധൈര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് നിർമാതാക്കൾ മനസിലാക്കുന്നില്ല. സിനിമയെ സ്നേഹിക്കുന്ന വ്യക്തിക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാൻ പറ്റില്ല. ഇതിന്റെ പിന്നിൽ ആര് പ്രവർത്തിച്ചാലും ശരി, അയാൾ പോസിറ്റീവ് ചിന്താഗതിയുള്ള ആളായിരിക്കില്ല. കുറ്റവാളിയുടെ മാനസികാവസ്ഥയുള്ള ആരോ ആണ് ഇതിന് പിന്നിൽ.
തൂക്കിക്കൊല്ലാൻ വിധിക്കുന്നതിന് മുമ്പ് തന്നെ പ്രതിക്ക് എന്തെങ്കിലും പറയാനുള്ള അവസരം നൽകും. ഇവിടെ അതൊന്നുമില്ല. വെള്ളിയാഴ്ച നിരോധനമേർപ്പെടുത്തുന്നു. ശനിയാഴ്ച രാവിലെ 8.50-ന് ഒരു കത്തുകിട്ടുന്നു. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. താലിബാനാണോ ഇന്ത്യൻ ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നതെന്ന് സംശയമുണ്ട്. അല്ലാതെ സാധാരണ മനുഷ്യരിൽ നിന്ന് ഇങ്ങനെയുള്ള നീക്കങ്ങളുണ്ടാവാൻ സാധ്യതയില്ലെന്നും സോഹൻ റോയ് പറഞ്ഞു.
Content Highlights: Aries Plex Theater Closing, Sohan Roy, Kerala Producers Association
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..