കൊച്ചി: ഏരീസ് തീയറ്ററിന് സിനിമ നൽകില്ലെന്ന തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് നിർമാതാക്കളുടെ സംഘടന. തീയേറ്റർ മാനേജർ, റിലീസാകുന്ന മലയാളം സിനിമകളെക്കുറിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിൽ മോശമായി ചിത്രീകരിച്ചുവെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു. മുമ്പും മാനേജർ മലയാളചിത്രങ്ങൾ പ്രദർശനത്തിനെത്തുമ്പോൾ അവയെ മോശമായി ചിത്രീകരിക്കാറുണ്ടെന്നും നിർമാതാക്കൾ പറയുന്നു. 

അടുത്തിടെ റിലീസായ സ്റ്റാർ എന്ന ചിത്രത്തേയും ഇയാൾ സമാനമായ രീതിയിൽ സോഷ്യൽ മീഡിയയിൽ അവഹേളിച്ചു എന്നാണ് നിർമാതാക്കൾക്ക് കിട്ടിയിരിക്കുന്ന പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഏരീസ് പ്ലക്സിന് സിനിമകൾ നൽകേണ്ടതില്ല എന്ന് നിർമാതാക്കൾ സ്വയം തീരുമാനമെടുത്തതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. 

എന്നാൽ സംഘടന സിനിമകൾ നൽകില്ല എന്ന് പറഞ്ഞിട്ടില്ല. തിയേറ്റർ മാനേജർ സിനിമകൾ മോശമായി ചിത്രീകരിക്കുന്നു എന്നകാര്യം സോഹൻ റോയിയെ അറിയിച്ചിരുന്നെന്നും അദ്ദേഹവുമായി ചർച്ച നടത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. എന്നാൽ ഇപ്പോൾ വിദേശത്തായതിനാൽ ചർച്ചകൾക്കായി എത്താൻ കഴിയില്ലെന്നാണ് സോഹൻ റോയി അറിയിച്ചത്. അതുകൊണ്ടാണ് ഏരീസിന് സിനിമകൾ നൽകാതിരിക്കാനുള്ള സാഹചര്യമുണ്ടായിരിക്കുന്നതെന്നും അവർ നൽകുന്ന വിശദീകരണം.

സിനിമ നൽകേണ്ടതില്ല എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞിട്ടില്ല. മറിച്ച് പുതിയ സിനിമകളുടെ നിർമാതാക്കൾ തിയേറ്റർ മാനേജരുടെ നിലപാടിൽ പ്രതിഷേധിച്ച് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തുകയാണുണ്ടായതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശദീകരിക്കുന്നു.

Content Highlights: Aries Plex Issue, Kerala Producers Association, Sohan Roy, Malayalam Movie Release